|    Mar 28 Tue, 2017 3:52 pm
FLASH NEWS

അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചതായി പരാതി

Published : 10th March 2016 | Posted By: SMR

പത്തനംതിട്ട: അടൂരിലെ സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു ത്രിവല്‍സര എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. കേരളത്തിലൂടനീളം ബ്രാഞ്ചുകളുള്ളതും അടൂരില്‍ പ്രവര്‍ത്തിക്കുന്നതുമായ അക്കാഡമി ഓഫ് മാനേജ്‌മെന്റ് ആന്റ് എന്‍ജിനീയറിങ് ടെക്‌നോളജില്‍ (അമെറ്റ്) വിവിധ വിഷയങ്ങളില്‍ ത്രിവല്‍സ പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
വിദ്യാര്‍ഥികള്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ്. സ്ഥാപനത്തിന് ഗുണനിലവാരത്തിനായുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളായ എന്‍സിവിടി, ഐഇടിഇ കോഴ്‌സുകളാണ് നടത്തുന്നതെന്ന പരസ്യത്തില്‍ ആകര്‍ഷകരായാണ് വിദ്യാര്‍ഥികള്‍ അമെറ്റില്‍ പ്രവേശനം നേടിയത്. ഫീസിനത്തില്‍ പ്രതിവര്‍ഷം 15,750 രൂപയും പരീക്ഷ, ലാബ് തുടങ്ങിയ വിവിധ ഫീസിനങ്ങളില്‍ ഇതിനോടടുത്ത തുകയും ഈടാക്കിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളോട് കോളജില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് കോളജിലെത്തി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയെങ്കിലും, ലഭിച്ചത് സ്ഥാപനം പരസ്യം ചെയ്തിരുന്നതും വാഗ്ദാനം നല്‍കിയിരുന്നതുമായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകല്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ സ്ഥാപനത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ കാലയളവോ, പരിശീലനം നേടിയ കോഴ്‌സുകളോ ഇവര്‍ക്ക് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഇതിനോടൊപ്പം ഒരേ കോഴ്‌സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് സ്ഥാപിത്തില്‍ നിന്നു പല വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തികരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുമായി മറ്റ് സ്ഥാപനങ്ങളില്‍ തുടര്‍പഠനത്തിനും ജോലികള്‍ക്കുമായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചത് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന മറുപടിയോടെ തിരസ്‌കരിക്കുകയും ചെയ്തതായി വിദ്യാര്‍കള്‍ പറയുന്നു.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും സ്ഥാപനത്തില്‍ നിന്നു നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാതിരുന്നതോടെയാണ് പരസ്യമായി സ്ഥാപനത്തിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോവുന്നതിന് വിദ്യാര്‍ഥികള്‍ തയ്യാറായത്. കോളജിന്റെ പ്രവര്‍ത്തനത്തെയും വിതരണം ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും ആധികാരികത ചോദ്യം ചെയ്തതിന്റെ പേരില്‍ സ്ഥാപന മേധാവി മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരേ വ്യാജ ആരോപണങ്ങളുന്നയിച്ച് പോലിസില്‍ പരാതി നല്‍കിയതായും ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ അടൂര്‍ പോലിസ് സ്ഥാപന ഉടമക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ സ്ഥാപന ഉടമ ഹൈക്കോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ സമ്പാദിച്ചു.
ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ അടൂര്‍ ആര്‍ഡിഒ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനൊപ്പം മറ്റൊരാളും ഇതുപോലെ കബളിപ്പിക്കപ്പെടരുതെന്നും വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഖില വി നായര്‍, ജെ ഷെമീന, എന്‍ ആല്‍ബര്‍ട്ട്, ആതിര വിജയ്, മഞ്ജു മുരളീധരന്‍, ആന്‍സു കെ തോമസ്, ഷേബ സൂസണ്‍ മാത്യു, എന്‍ ജി ഗോപിക കൃഷ്ണന്‍, ബാബുരാജ് എന്നിവരും രക്ഷിതാക്കളും സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day