രാജ്യത്തെ മൂന്നിലൊന്ന് ഡ്രൈവിങ് ലൈസന്‍സുകളും വ്യാജം

രാജ്യത്തെ മൂന്നിലൊന്ന് ഡ്രൈവിങ് ലൈസന്‍സുകളും വ്യാജം
X
traffic

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നിലൊന്ന് ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. അഞ്ചു കോടിയിലധികം പേരാണ് ഇത്തരത്തില്‍ വ്യാജ രേഖകളുമായി റോഡിലേക്കിറങ്ങുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരും.രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സെലിബ്രിറ്റികളായാലും ഓണ്‍ലൈന്‍ ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് നല്‍കൂ. ഇക്കാര്യത്തില്‍ എല്ലാം സുതാര്യമായിരിക്കും. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാകെ 5000 പുതിയ ഡ്രൈവിങ് സെന്ററുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. 18 കോടി ഡ്രൈവിങ് ലൈസന്‍സുകള്‍ ഗതാഗത മന്ത്രാലയം പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ 5.4 കോടിയോളം ലൈസന്‍സുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്കു കര്‍ശന ശിക്ഷ നല്‍കാന്‍ കേന്ദ്രം നിയമം കൊണ്ടുവരും. വ്യാജ ലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും നല്‍കണമെന്നാണ് ബില്ലിലുള്ള നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വ്യാജലൈസന്‍സുമായി വാഹനമോടിക്കുന്നവര്‍ക്ക് നിലവില്‍ 500 രൂപ പിഴയും പരമാവധി മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാവത്തവരെ വാഹനമോടിച്ച് പിടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് മൂന്നു വര്‍ഷം തടവും 20,000 രൂപ പിഴശിക്ഷയും ലഭിക്കും. പ്രസ്തുത വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും.
Next Story

RELATED STORIES

Share it