Alappuzha local

ഹോമിയോ ചികില്‍സയുടെ മറവില്‍ അലോപ്പതി ചികില്‍സ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

രാമങ്കരി: എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം സ്ത്രീ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താനെത്തിയ ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ അന്വേഷണത്തിനൊടുവില്‍ വര്‍ഷങ്ങളായി ഹോമിയോ ചികില്‍സയുടെ മറവില്‍ അലോപ്പതി ചികില്‍സ നടത്തിവന്ന വ്യാജ ഡോക്ടര്‍ പിടിയിലായി.
വടക്കന്‍ വെളിയനാട് സബര്‍മതിയില്‍ പൊന്നുമണി എന്ന പേരില്‍ അറിയപ്പെടുന്ന ഷാജി(56) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നു അലോപ്പതി ഗുളികകളും മറ്റു മരുന്നുകളും കണ്ടെത്തിയതോടെ ജില്ലാ ഡ്യപ്യൂട്ടി ഡിഎം ഒയുടെ നേതൃത്വത്തിലെത്തിയ സംഘം വിശദമായ അന്വേഷണത്തിന് തയ്യാറായതോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു. 'ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു പരിശോധന.
വെളിയനാട്ടും പരിസരപ്രദേശങ്ങളിലും എലിപ്പനി വ്യാപകമാവുകയും കഴിഞ്ഞ ദിവസം വടക്കന്‍ വെളിയനാട് കളരിക്കല്‍ സോജ എന്ന മധ്യ വയസ്‌കയായ സ്ത്രീ മരണപ്പെടുകയും ചെയ്തിരുന്നു. ഷാജിയുടെ ചികില്‍സയിലായിരുന്ന സോജ കഴിഞ്ഞ ദിവസം മരിക്കാനിടയായ സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ സംഘം പരിശോധനയ്‌ക്കെത്തിയത്.
ഇയാള്‍ ഹോമിയോയുടെ മറവില്‍ അലോപ്പതി ചികില്‍സ നടത്തുന്നതായി നേരത്തെ തന്നെ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാളുടെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പലരും മരണപ്പെട്ടത് നാട്ടുകാര്‍ക്കിടയില്‍ സംശയം വര്‍ധിപ്പിച്ചിരുന്നു.
പരിശോധനയില്‍ ഇയാള്‍ വ്യാജനാെണന്ന് തെളിഞ്ഞതോടെ രാമങ്കരി പോലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it