ernakulam local

ഹോട്ടല്‍ പൊളിച്ച കേസ്; ക്വട്ടേഷന്‍ സംഘത്തിന് കൂട്ടുനിന്ന സിഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എറണാകുളം എംജി റോഡില്‍ സഫയര്‍ ഹോട്ടല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിന് ഒത്താശ ചെയ്തുകൊടുത്ത സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ഹോട്ടല്‍ പൊളിക്കാന്‍ കെട്ടിട ഉടമയ്ക്ക് സിഐ ഒത്താശ ചെയ്തുവെന്ന എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ ഹരി ശങ്കറിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് നടപടിയെടുത്തത്. സംഭവത്തില്‍ ഗൂഡാലോചന കുറ്റംചുമത്തി സിഐക്കെതിരേ കേസെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.
ഹോട്ടല്‍ പൊളിക്കാന്‍ കാദര്‍ പിള്ളയ്ക്ക് സിഐ ഒത്താശ ചെയ്ത് കൊടുത്തുവെന്ന് ഡിസിപിയുടെ റിപോര്‍ട്ടിലുണ്ട്. ക്വട്ടേഷന്‍ ഏറ്റെടുത്ത ജെയ്‌മോനുമായി സിഐ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചതില്‍നിന്നും വ്യക്തമായി. ഹോട്ടല്‍ നടത്തിപ്പുകാരനായ എ കെ നഹാസിനോട് പരാതി പിന്‍വലിക്കാന്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി സമ്മര്‍ദ്ദം നടത്തിയെന്നും തെളിഞ്ഞിട്ടുണ്ട്.
കൂടാതെ പിടിച്ചെടുത്ത എക്‌സ്‌കവേറ്ററുകള്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് സെന്‍ട്രല്‍ എസ്‌ഐ വിമലും ഡിസിപിക്ക് മൊഴി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാല്‍ റിപോര്‍ട്ട് ഐജി വഴി ഡിജിപിക്ക് നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it