ernakulam local

ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി

പറവൂര്‍: പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൗണിലെ 7 പ്രമുഖ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഉപയോഗശൂന്യമായ ചപ്പാത്തി, പൊറോട്ട, ദോശ, മസാലക്കൂട്ട്, ചോറ്, കൂട്ടുകറികള്‍, കടലക്കറി, കക്കയിറച്ചി, ബീഫ് കറി, മീന്‍ വറുത്തത്, ചിക്കന്‍ ചാപ്‌സ്, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാല്‍ തുടങ്ങിയവ കണ്ടെടുത്തു.
പറവൂര്‍ മെയിന്‍ റോഡിലുള്ള കെആര്‍ ബേക്കറി ആന്റ് റെസ്റ്റോറന്റ്, കച്ചേരിപ്പടി ഉഡുപ്പി ഹോട്ടല്‍, പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള സുരേഷ് ഹോട്ടല്‍, ഫോര്‍ട്ട് റോഡിലുള്ള സീസന്‍ ചോയ്‌സ്, മൂകാംബിക റെസ്റ്റോറന്റ്, ലിമിറ്റഡ് ബസ് സ്റ്റോപ്പിന് സമീപമുള്ള തമ്പി നടത്തുന്ന ഹോട്ടല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണബാങ്ക് മന്ദിരത്തിലെ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷസാമഗ്രികള്‍ പിടികൂടിയത്. കൂടുതല്‍ ഹോട്ടലുകളും വൃത്തിഹീനമായ അടുക്കളയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഭക്ഷണപാത്രം അടുക്കിവയ്ക്കുന്നിടത്ത് പാറ്റക്കൂട്ടം ഓടിനടക്കുന്നത് കാണാമായിരുന്നു. മെയിന്‍ റോഡിലെ പ്രധാന ഹോട്ടലില്‍ 8 അന്യസംസ്ഥാന ജീവനക്കാര്‍ കിടന്നുറങ്ങുന്നതും അവരുടെ മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും വയ്ക്കുന്നത് അടുക്കളയോട് ചേര്‍ന്നുള്ള സ്ഥലത്താണെന്ന് പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം 45 ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് 64,500 രൂപ പിഴയായി നഗരസഭയ്ക്ക് ലഭിച്ചു.
പരിശോധന നടക്കുന്നതിന്റെ തലേദിവസം ചില ഉദ്യോഗസ്ഥര്‍ ഹോട്ടലുടമയെ പരിശോധനയുടെ കാര്യം ഒറ്റിക്കൊടുക്കുന്നതിനാലാണ് പല പ്രമുഖ ഹോട്ടലുകളിലും പഴകിയവ പിടിക്കാനാവാത്തതെന്ന ആക്ഷേപവും ഉണ്ട്.
മുനിസിപ്പാലിറ്റി ഇവയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി പി കെ സജീവ് അറിയിച്ചു.
Next Story

RELATED STORIES

Share it