Kollam Local

ഹോട്ടലില്‍ തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

കൊട്ടിയം: ഹോട്ടലിലെ പാചകപ്പുരയിലെ ചിമ്മിനിഭാഗത്ത് തീയുയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 9.15 ഓടെ കണ്ണനല്ലൂര്‍ ജങ്ഷനില്‍ പാഞ്ഞെത്തിയത് 7 ഫയര്‍ എഞ്ചിനുകള്‍. പോലിസ് സ്റ്റേഷനില്‍ നിന്ന് വിളിയെത്തിയതോടെയാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ജോലിയില്‍ ജാഗരൂകരായത്. കുണ്ടറയില്‍ നിന്നും മൂന്നും കൊല്ലം ഭാഗത്തുനിന്നും നാലും ഫയര്‍ എന്‍ജിിനുകളാണ് എത്തിയത്. രാവിലെയാണ് കണ്ണനല്ലൂരിലെ ആസാദ് ഹോട്ടലിന്റെ ചിമ്മിനിഭാഗത്ത് കുന്നുകൂടിയിരുന്ന പുകയിറയും ചില ചെടികളുടെ അവശിഷ്ടങ്ങളും കത്തിയത്. പുകയുയരുന്നത് ജങ്ഷനില്‍ നിന്നവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന ജങ്ഷനിലെ തുണിക്കടയോട് ചേര്‍ന്നുള്ള ഹോട്ടല്‍ ഉടമയെ നാട്ടുകാര്‍ ആദ്യം വിവരമറിയിച്ചു. അടുപ്പിലുണ്ടായിരുന്നവ മാറ്റിവെച്ച ശേഷം അവര്‍ തന്നെ മുകളിലൂടെയും മറ്റും വെള്ളമൊഴിച്ച് തീകെടുത്തി. അടുത്തടുത്ത് കടകളുള്ള ഭാഗമായതിനാല്‍ വലിയ തീപ്പിടുത്തം ഒഴിവായത് വലിയ രക്ഷയായി. ഇതോടെ ആശങ്കയ്ക്കും അവസാനമായി. തുടര്‍ന്ന് എത്തിയ ഫയര്‍ എഞ്ചിനുകള്‍ തിരികെ പോയി. കണ്ണനല്ലൂര്‍ പോലുള്ള ജങ്ഷനിലെ ഹൃദയ ഭാഗത്താണ് തീകത്തുന്നതെന്ന് പോലിസ് അറിയിപ്പിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സ് കൂടുതല്‍ സന്നാഹങ്ങളുമായി ഇവിടെയെത്തിയത്. ഫയര്‍ ആന്റ് സേഫ്റ്റി നിയമ പ്രകാരമല്ല ഇവിടെ കടകളുള്ളതെന്നും ഇത് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വന്നെങ്കില്‍ തടസമായേനെയെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വേനല്‍ക്കാലമായതാണ് തീ കത്തുന്നതിന് കൂടുതല്‍ സാധ്യത. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ ഫയര്‍ എന്‍ജിനുകളുമായി ഡ്യൂട്ടി ചെയ്യാന്‍ തയ്യാറായി ഉദ്യോഗസ്ഥരെത്തിയത്.
Next Story

RELATED STORIES

Share it