ഹോംനഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനമില്ലാതെ

പി അനീബ്

കോഴിക്കോട്: സംസ്ഥാനത്തെ 76 ശതമാനം ഹോംനഴ്‌സിങ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഖലയിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നില്ലെന്നു റിപോര്‍ട്ട്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. രോഗീപരിചരണം, പ്രസവ ശുശ്രൂഷ, ശിശുപരിചരണം, വൃദ്ധപരിചരണം, ഭിന്നശേഷിക്കാരെ പരിചരിക്കല്‍ തുടങ്ങിയവയാണ് ഹോംനഴ്‌സുകള്‍ ചെയ്യുന്നത്. 24 ശതമാനം സ്ഥാപനങ്ങള്‍ മാത്രമേ ഹോംനഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കുന്നുള്ളൂവെന്ന് റിപോര്‍ട്ട് പറയുന്നു. മലപ്പുറത്ത് ഇത് 47 ശതമാനമാണ്.
സംസ്ഥാനത്ത് മൊത്തം 593 ഹോംനഴ്‌സിങ് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 96 സ്ഥാപനങ്ങളുമായി എറണാകുളം ജില്ലയാണ് ഇതില്‍ മുന്നില്‍. 91 സ്ഥാപനങ്ങളുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 7 സ്ഥാപനങ്ങള്‍ മാത്രമേ അവിടെയുള്ളൂ. കാസര്‍കോട് 16, കണ്ണൂര്‍ 50, കോഴിക്കോട് 30, മലപ്പുറം 49, പാലക്കാട് 22, തൃശൂര്‍ 60, ഇടുക്കി 10, കോട്ടയം 47, ആലപ്പുഴ 30, പത്തനംതിട്ട 51, കൊല്ലം 34, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാപനങ്ങളുടെ എണ്ണം.
69 ശതമാനം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് നഗരങ്ങളിലാണ്. കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്തിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത്. ആറു സ്ഥാപനങ്ങള്‍. മുനിസിപ്പാലിറ്റികളില്‍ കോട്ടയവും കോര്‍പറേഷനുകളില്‍ തിരുവനന്തപുരവുമാണ് മുന്നില്‍. 42 ശതമാനം സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓരോ സ്ഥാപനങ്ങളില്‍ ആംബുലന്‍സുകളുണ്ട്. രോഗീ പരിചരണത്തില്‍ പുരുഷ ഹോംനഴ്‌സിന്റെ ശരാശരി ശമ്പളം 11521 രൂപയും സ്ത്രീയുടെത് 10173ഉം ആണെന്നു റിപോര്‍ട്ട് നിരീക്ഷിക്കുന്നു.
പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കുന്നത് കോട്ടയത്തും സ്ത്രീകള്‍ക്ക് ലഭിക്കുന്നത് മലപ്പുറത്തുമാണ്. പ്രസവ ശുശ്രൂഷയില്‍ ശരാശരി ശമ്പളം 12583 രൂപയാണ്. മലപ്പുറത്താണ് ഏറ്റവും കുടുതല്‍. വൃദ്ധപരിചരണത്തില്‍ പുരുഷ നഴ്‌സുമാരുടെ ശരാശരി ശമ്പളം 11265 രൂപയും വനിതാ നഴ്‌സുമാരുടേത് 10244 രൂപയുമാണ്. പുരുഷന്‍മാര്‍ക്ക് കുടൂതല്‍ ശമ്പളം തൃശൂരിലും വനിതകള്‍ക്ക് കൂടുതല്‍ മലപ്പുറത്തുമാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പരിചരിക്കാന്‍ നഴ്‌സുമാര്‍ കുറവാണെന്നും റിപോര്‍ട്ട് പറയുന്നു.
എല്ലാ മേഖലയിലും നഴ്‌സുമാരുടെ കുറവ് നേരിടുന്നുണ്ട്. അതിനാലാവണം ഹോംനഴ്‌സിങ് മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൊഴിലാളികളെത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരെത്തുന്നത്. 2014 നവംബര്‍ മുതല്‍ 2015 ഒക്ടോബര്‍ വരെ സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ ചെലവ് 10 കോടിയിലധികമായിരുന്നെന്നു റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരുമാനം 15 കോടിയിലധികവും.
Next Story

RELATED STORIES

Share it