kasaragod local

ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നേറ്റം തുടരുന്നു

കാസര്‍കോട്: യുവജനോല്‍സവത്തിന്റെ ഒന്നാംവേദിയായ ചന്ദ്രഗിരിയില്‍ ഇന്നലെ വന്‍ തിരക്കായിരുന്നു. രാവിലെ തുടങ്ങിയ വട്ടപ്പാട്ടും പിന്നീട് നടന്ന ഒപ്പനയും കാണാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ആദ്യ മൂന്നുനാളുകളില്‍ പ്രധാനവേദിയില്‍ കാണികള്‍ കുറവായിരുന്നെങ്കിലും ഇന്നലെ ഒപ്പന മല്‍സരം ഉള്ളതിനാല്‍ വീട്ടമ്മമാരും വൃദ്ധരും ഉള്‍പ്പെടെയുള്ള ആസ്വാദകര്‍ സദസ്സിലുണ്ടായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം നാടകം നടന്ന നേത്രാവതി ഹാളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചെണ്ടമേളത്തിലും മിമിക്രിക്കും തിരക്ക് അനുഭവപ്പെട്ടിരുന്നു. മല്‍സരം വൈകിതുടങ്ങിയതിനാല്‍ അര്‍ദ്ധരാത്രിയോളം മല്‍സരം നീണ്ടുനിന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണ കലവറ സജീവമായിരുന്നു. ഇന്ന് വൈകിട്ട് മേള സമാപിക്കും.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 328 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 284 പോയിന്റും യുപി വിഭാഗത്തില്‍ 134 പോയിന്റും നേടി ഹൊസ്ദുര്‍ഗ് മുന്നേറ്റം തുടരുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 305 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 243 പോയിന്റും യുപിയില്‍ 136 പോയിന്റും നേടി കാസര്‍കോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. യുപി സംസ്‌കൃത കലോല്‍സവം സമാപിച്ചപ്പോള്‍ 95 പോയിന്റുകള്‍ നേടി ചെറുവത്തൂര്‍ ഉപജില്ല ഒന്നാം സ്ഥാനം നേടി.
88 പോയിന്റുകള്‍ നേടിയ ഹൊസ്ദുര്‍ഗും 84 പോയിന്റുകള്‍ നേടിയ കാസര്‍ക്കോടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്‌കൂള്‍ സംസ്‌കൃതോല്‍സവത്തില്‍ ഹൊസ്ദുര്‍ഗ് 95 പോയിന്റ് നേടി ഒന്നാംസ്ഥാനവും 88 പോയിന്റ് നേടി കുമ്പള ഉപജില്ല രണ്ടാം സ്ഥാനവും 84 പോയിന്റ് നേടി കാസര്‍കോട് ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്‌കൂള്‍ തലത്തില്‍ ജിഎച്ച്എസ്എസ് പരപ്പ 71 പോയിന്റ് നേടി ഒന്നാം സ്ഥാനവും കെഎംവിഎച്ച്എസ്എസ് കൊടക്കാട് 68 പോയിന്റ് നേടി രണ്ടാം സ്ഥാനവും എസ്ഡിപിഎച്ച്എസ് ധര്‍മ്മത്തടുക്ക 51 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Next Story

RELATED STORIES

Share it