Districts

ഹൈറേഞ്ച് സംരക്ഷണ സമിതി  കൂട്ടുകെട്ടില്‍ നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുള്ള കൂട്ടുകെട്ടില്‍ ഇടതുമുന്നണി ഇടുക്കിയില്‍ നില മെച്ചപ്പെടുത്തി. കലഹത്തിനിടയിലും വലിയ പരിക്കില്ലാതെ യുഡിഎഫ് പിടിച്ചു നിന്നു. എന്നിരുന്നാലും തദ്ദേശ സ്വയംഭരണ സ്ഥാപനരംഗത്ത് കഴിഞ്ഞ തവണ ലഭിച്ച സമ്പൂര്‍ണാധിപത്യം ഇത്തവണ അവര്‍ക്കു നഷ്ടമായി. നാലുപതിറ്റാണ്ടായി ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ പോലും കൈവിടുന്ന സ്ഥിതിയുമുണ്ടായി. വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനു സമാനമായ വിജയം സ്വപ്‌നം കണ്ട ഇടത്- ഹൈറേഞ്ച് സംരക്ഷണസമിതി ബാന്ധവത്തിന് അത്രകണ്ട് വിജയം ലഭിച്ചില്ല. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഭരണം പിടിക്കുമെന്ന പ്രഖ്യാപനമൊക്ക വെറുതെയായി. എന്നിരുന്നാലും യുഡിഎഫിന്റെ വോട്ടുബാങ്കില്‍ വന്‍ വിള്ളല്‍ വീഴ്ത്താന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇടമലക്കുടി ഉള്‍പ്പടെ ആദിവാസികള്‍ക്കു മുന്‍തൂക്കമുള്ള പഞ്ചായത്തുകളിലുള്‍പ്പെടെ പലയിടത്തും അക്കൗണ്ട് തുറക്കാന്‍ ബിജെപിക്കു കഴിഞ്ഞു. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നുവാര്‍ഡുകളിലെ ബിജെപിയുടെ അപ്രതീക്ഷിത വിജയം അവരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷമില്ലാത്ത യുഡിഎഫ് ഭരണമായിരുന്നു ഇടുക്കി ജില്ലാ പഞ്ചായത്തില്‍. അതവസാനിപ്പിച്ച് ജില്ലാ പഞ്ചായത്തിലെ 16ല്‍ ആറ് ഡിവിഷനുകള്‍ നേടി എല്‍ഡിഎഫ് മുന്നേറി. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു- കട്ടപ്പനയും തൊടുപുഴയും. അടിമാലി, അഴുത, ദേവികുളം, ഇളംദേശം, ഇടുക്കി, നെടുങ്കണ്ടം ബ്ലോക്കുകള്‍ യുഡിഎഫ് നിലനിര്‍ത്തി. കഴിഞ്ഞ തവണ എട്ടു ബ്ലോക്കുകളും യുഡിഎഫിനായിരുന്നു.തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിലും വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും ഇടതുമുന്നണി നേട്ടമുണ്ടാക്കി. 52ല്‍ 43 പഞ്ചായത്തുകള്‍ കൈവശമുണ്ടായിരുന്ന യുഡിഎഫില്‍ നിന്ന് ഏതാനും പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.
Next Story

RELATED STORIES

Share it