ഹൈദരാബാദ് സര്‍വകലാശാല25 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിന്റെ വസതി ആക്രമിക്കുകയും പോലിസിനെ കല്ലെറിയുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് 25 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. രണ്ട് അധ്യാപകരും അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അജ്ഞാത കേന്ദ്രത്തിലേക്ക് പോലിസ് കൊണ്ടുപോയെന്ന് എന്‍എസ്‌യു അധ്യക്ഷന്‍ റോജി എ ജോണ്‍ അറിയിച്ചു.അതിനിടെ സര്‍വകലാശാലാ കാംപസില്‍ പ്രസംഗിക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന് അനുമതി നിഷേധിച്ചു. പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും കാംപസില്‍ കടക്കുന്നതും തടഞ്ഞിട്ടുണ്ട്. 26 വരെ ക്ലാസുകളും റദ്ദാക്കി. ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ സാമൂഹികനീതിക്കുവേണ്ടിയുള്ള സംയുക്ത കര്‍മ കമ്മിറ്റിയുടെ ക്ഷണമനുസരിച്ചാണ് കനയ്യകുമാര്‍ ഹൈദരാബാദില്‍ എത്തിയത്. എന്നാല്‍ പ്രസംഗിക്കാന്‍ ആരും അനുമതി ചോദിച്ചിരുന്നില്ലെന്നും അതിനാല്‍ അനുമതി നല്‍കിയിട്ടുമില്ലെന്നും അപ്പറാവു പറഞ്ഞു. സര്‍വകലാശാലയിലെ ദലിത് ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടെ അവധിയില്‍ പ്രവേശിച്ച അപ്പറാവു തിരിച്ചുവന്നതോടെയാണു സര്‍വകലാശാല കാംപസ് വീണ്ടും പ്രക്ഷുബ്ധമായത്. വൈസ് ചാന്‍സലറുടെ ഔദ്യോഗിക വസതി പരിസരത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാംപസിനകത്ത് ഹോസ്റ്റലില്‍ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ക്കു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. പോലിസ് അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും താന്‍ സര്‍വകലാശാലയില്‍ പ്രസംഗിക്കുമെന്നു കനയ്യകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും പോലിസ് മര്‍ദ്ദിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്ന് പോലിസുകാര്‍ ഭീഷണിമുഴക്കിയെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it