ഹൈദരാബാദ് സര്‍വകലാശാലയില്‍ അധ്യാപകരുടെ കൂട്ട അവധി

ഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് പട്ടികജാതി-വര്‍ഗ (എസ്‌സി-എസ്ടി) വിഭാഗത്തില്‍പ്പെട്ട അമ്പതോളം അധ്യാപകര്‍ ഒരു ദിവസം കൂട്ട കാഷ്വല്‍ അവധിയെടുത്തു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ നേരിടാന്‍ വന്‍ പോലിസ് സേനയെയാണ് കാംപസില്‍  വിന്യസിച്ചതെന്ന് എസ്‌സി, എസ്ടി അധ്യാപക വേദി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 25 വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. എന്നാല്‍, കൂട്ട അവധി സംബന്ധിച്ച് ഔദ്യോഗികമായി കത്തുകളൊന്നും ലഭിച്ചില്ലെന്നും ക്ലാസുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചുവെന്നും സര്‍വകലാശാല രജിസ്ട്രാര്‍ എം സുധാകര്‍ പറഞ്ഞു. പ്രക്ഷോഭം നടക്കുന്നുണ്ടെന്നു കാണിക്കാന്‍ വിദ്യാര്‍ഥികള്‍ നീല റിബണ്‍ ധരിക്കണമെന്ന് സാമൂഹിക നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംയുക്ത കര്‍മസമിതി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരേ സര്‍വകലാശാല ചുമത്തിയ കുറ്റങ്ങളും പോലിസ് കേസുകളും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അറസ്റ്റിലായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it