ഹൈദരാബാദ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പാറാവുവിന്റെ ഓഫിസും വസതിയും ആക്രമിച്ചെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം. 5000 രൂപയുടെ ബോണ്ട് കെട്ടിവച്ച് 25 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പുറത്തിറങ്ങി. ആഴ്ചയിലൊരിക്കല്‍ ഗാച്ചിബൗളി പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് മിയാപൂര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആറ് ദിവസത്തിന് ശേഷമാണ് 27 പേരും പുറത്തിറങ്ങിയത്.വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണം തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ഇനിയും തടവിലിടുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്‍, കാംപസിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് കോടതിയെ അറിയിച്ചു. ഈ മാസം 22നാണ് വിസിയുടെ വസതി ആക്രമിക്കുകയും പോലിസ് സ്‌റ്റേഷന് നേരെ കല്ലേറുണ്ടാവുകയും ചെയ്തത്. അതേസമയം, സമാധാനപരമായ അന്തരീക്ഷം കാംപസില്‍ തിരിച്ചുകൊണ്ടുവരാന്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുന്നതിന് സര്‍വകലാശാല ഏഴംഗ സമിതിയെ നിയോഗിച്ചു. 14 വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ സാമൂഹിക നീതിക്ക് വേണ്ടിയുള്ള സംയുക്ത പ്രവര്‍ത്തക സമിതി പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തിരിക്കെ, ഇന്നലെ ക്ലാസുകള്‍ ആരംഭിച്ചു. സമരം അവസാനിപ്പിക്കാമെന്ന് ചില വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഹാജര്‍നില നന്നേ കുറവായിരുന്നു. വിസിയെ മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ചത് വിസിയുടെ കടുംപിടുത്തമാണെന്ന് ആരോപണമുള്ളതിനാല്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുമെന്ന് പാര്‍ട്ടി നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. നേരത്തെ ജയിലില്‍ വിദ്യാര്‍ഥികളുമായി ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളെയും അധ്യാപകരേയും പോലിസുകാരെക്കൊണ്ട് നിഷ്‌കരുണം മര്‍ദ്ദിച്ച വൈസ് ചാന്‍സലര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ പിരിച്ചുവിടണമെന്നും ഫെഡറേഷന്‍ ഓഫ് കേന്ദ്ര സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ അവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it