Pravasi

ഹൈടെക് കോപ്പിയടി; പിഴയും ശിക്ഷയും ഇരട്ടിയാക്കി

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ ഹൈടെക് കോപ്പിയടി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതിനെതുടര്‍ന്ന് ശിക്ഷയും ഫൈനും ഇരട്ടിയാക്കി. അടുത്ത സിന്‍ഡിക്കേറ്റ് യോഗം പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കുമെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിന്‍ഡിക്കേറ്റംഗവുമായ കെ എം നസീര്‍ വ്യക്തമാക്കി. വടകര സെന്ററില്‍ നിന്ന് സ്മാര്‍ട്ട് വാച്ചും എറണാകുളം സെന്ററില്‍ നിന്ന് സ്മാര്‍ട്ട് ഫോണും കോപ്പിയടിക്കിടയില്‍ പിടിക്കപ്പെട്ടതായി പരീക്ഷാ കണ്‍ട്രോളര്‍ ജോര്‍ജ്കുട്ടി പറഞ്ഞു. ഹൈടെക് കോപ്പിയടിയെപ്പറ്റിയും ശിക്ഷ നല്‍കുന്നതിനെപറ്റിയും വാഴ്‌സിറ്റി സ്റ്റാറ്റിയൂട്ടില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നിരിക്കെയാണ് കാലത്തിനനുസരിച്ചുള്ള കോപ്പിയടിയില്‍ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റി ശിക്ഷയും ഫൈനും ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്.
പുതിയ തീരുമാനമനുസരിച്ച് എഴുതിയ പരീക്ഷ റദ്ദാക്കുന്നതിനൊപ്പം ഒരു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷത്തേയ്ക്ക് പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഫൈന്‍ 2500 രൂപയില്‍ നന്ന് 5000 രൂപയായും വര്‍ധിപ്പിച്ചു. എന്നാല്‍ ഉത്തരക്കടലാസിനൊപ്പം പരീക്ഷാ ഹാളില്‍ നിന്ന് ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകര്‍ കോപ്പിയടി പിടിച്ചതിന് എന്തു തെളിവു നല്‍കുമെന്നതിനെപ്പറ്റി അവ്യക്തതയാണുള്ളത്. പരീക്ഷാ കേന്ദ്രങ്ങളില്‍ ഈ മാസം ഒന്നു മുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും കണ്‍ട്രോള്‍ റൂം തുറക്കണമെന്നുമുള്ള സര്‍വകലാശാല നിര്‍ദ്ദേശം ഭൂരിഭാഗം കോളജുകളും നടപ്പാക്കിയിട്ടില്ല. പരീക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇതു സംബന്ധിച്ച് കോളജുകളില്‍ പരിശോധന നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റംഗങ്ങളും അധ്യാപകരും ഉള്‍പ്പെടുന്നതാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്. ഹൈടെക് കോപ്പിയടി സംസ്ഥാനത്താദ്യമായി പിടിക്കപ്പെട്ടത് കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ നിന്നാണെന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാംപസുകളില്‍ മൊബൈല്‍ ഫോണിന് ഹൈക്കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ ഗൗരവമായ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല.
Next Story

RELATED STORIES

Share it