Districts

ഹൈക്കോടതി വിധിയില്‍ ഉലഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ബാര്‍ കോഴ കേസിലെ ഹൈക്കോടതി വിധി യുഡിഎഫ് സര്‍ക്കാരിന് കനത്ത പ്രഹരമായി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലും മന്ത്രിസ്ഥാനത്തു പിടിച്ചുനിന്ന കെ എം മാണി ഹൈക്കോടതി വിധിയോടെ രാജിവയ്‌ക്കേണ്ട അവസ്ഥയിലാണ്.
കെ എം മാണി രാജിവയ്ക്കണമെന്നാണ് യുഡിഎഫിലെ പൊതുവികാരം. പുതിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. തുടര്‍ന്ന് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി. നാലു കൊല്ലത്തിനുള്ളില്‍ 20 കോടി രൂപയാണ് വിവിധ നേതാക്കള്‍ക്കു നല്‍കിയെന്ന് ബാറുടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ത്വരിതപരിശോധനയുടെ അടിസ്ഥാനത്തില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. കോഴ ആരോപണത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്കെതിരേ കേസെടുത്തത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ എസ്പി ആര്‍ സുകേശനായിരുന്നു അന്വേഷണച്ചുമതല. ഇതിനിടെ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന് ബിജു രമേശ് വീണ്ടും ആരോപിച്ചതും വിവാദമായി. ഇതിനിടെയാണ് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ നിയമസഭയെ ലജ്ജിപ്പിച്ച സംഭവവികാസങ്ങളുണ്ടായത്.
വിജിലന്‍സ് അന്വേഷണത്തില്‍ കോഴയിടപാട് നടന്ന ദിവസം ബിജു രമേശിന്റെ കാര്‍ മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയതിന് തെളിവു ലഭിച്ചു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ആഗസ്തില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്പി ആര്‍ സുകേശന്‍ വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചു. എന്നാല്‍, നിയമോപദേശത്തിന്റെ ബലത്തില്‍ മാണിക്കെതിരേ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുത്തു. സുകേശന്റെ വസ്തുതാവിവര റിപോര്‍ട്ടിലെയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിലെയും കണ്ടെത്തലുകള്‍ പരസ്പരവിരുദ്ധമാണെന്നു കണ്ടെത്തിയതോടെ കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പത്തു പേര്‍ കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും കേസില്‍ ഇടപെട്ടതിന് വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്.
Next Story

RELATED STORIES

Share it