Idukki local

ഹൈക്കോടതി പരാമര്‍ശം: ജോയ്‌സ് ജോര്‍ജ് എംപി രാജിവയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പില്‍ ഹൈകോടതി പരാമര്‍ശത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി ജോയ്‌സ് ജോര്‍ജ് എംപി രാജിവയ്ക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അന്വേഷണ പുരോഗതി ഹൈകോടതിയെ ധരിപ്പിക്കണമെന്നുമുള്ള കോടതിയുടെ നിര്‍ദ്ദേശം ഗൗരവമുള്ളതാണ്. ഭൂസംരക്ഷണത്തിന് നിലകൊള്ളുന്നുവെന്ന് പറഞ്ഞ് നടക്കുന്നയാള്‍ ഭൂമിതട്ടിപ്പ് നടത്തിയെന്നത് ഗുരുതരമായ ആരോപണമാണ്.
സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെ പറ്റിച്ച് ഭൂമി തട്ടിപ്പ് നടത്തിയെന്ന് മുമ്പ് ആക്ഷേപമുണ്ടായപ്പോള്‍ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ചൂഷണം ചെയ്യുന്നതും ചതിയിലൂടെ അവരുടെ ഭൂമി തട്ടിയെടുക്കുന്നതും ഒരു ജനപ്രതിനിധിക്ക് യോജിച്ചതാണോയെന്നും ഡീന്‍ ചോദിച്ചു.
ജില്ലാകലക്ടര്‍, ചീഫ്‌സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ പ്രധാനപ്പെട്ട അഞ്ച് അന്വേഷണ റിപോര്‍ട്ടുകള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നാണ് കോടതി ഉത്തരവിലുള്ളതെന്നു ഡീന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഭൂമി ദുര്‍ബല വിഭാഗത്തെ കരുവാക്കി നിയമവിരുദ്ധമായി കൈവശപ്പെടുത്തി, പട്ടയം അനുവദിപ്പിച്ച്, മുക്ത്യാര്‍ എഴുതി വാങ്ങി, കൈമാറ്റം ചെയ്തു എന്നതില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളത്. വ്യാജപ്രമാണം ചമയ്ക്കല്‍ ഉള്‍പ്പടെ കേസിന് ആസ്പദമായ മുഴുവന്‍ ഉദ്യോഗസ്ഥ, രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം.ഇക്കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it