Idukki local

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പാറപൊട്ടിക്കല്‍; ചോദ്യം ചെയ്യാനെത്തിയവര്‍ക്ക് എതിരേ ഉടമ വെടിയുതിര്‍ത്തു

മൂലമറ്റം: ജനവാസ കേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന പാറമടയില്‍ ദൂരപരിധി ലംഘിച്ച് നടത്തിയ പാറപൊട്ടിക്കല്‍ ചോദ്യം ചെയ്യാനെത്തിയവര്‍ക്കെതിരേ പാറമടയുടമ തോക്ക് പയോഗിച്ച് നാല് റൗണ്ട് വെടിയുതിര്‍ത്തതായി പരാതി.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാറമട ഉടമക്കെതിരേ കാഞ്ഞാര്‍ പോലിസ് കേസെടുത്തു. കാഞ്ഞാര്‍ വെങ്കട്ടക്കു സമീപം ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഏതാനും നാളുകളായി പാറമട ഉടമയും അയല്‍വാസികളും തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
പാറമടക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പില്‍ അനു കെ എസ് നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: വീടിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന പാറമടയില്‍ വെടി പൊട്ടിക്കുന്നതിനെ തുടര്‍ന്ന് വീടിനു നാശനഷ്ടം ഉണ്ടാവുകയും ക്രഷര്‍ യൂനിറ്റിലെ പൊടിശല്യം കാരണം ജീവിക്കാന്‍ പറ്റാതാവുകയും ചെയ്തിരുന്നു.
നിരവധി പ്രാവശ്യം ഉടമയോടും പോലിസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും തീരുമാനമുണ്ടായില്ല. ഇതേ തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവു പ്രകാരം വീടിന് നൂറു മീറ്റര്‍ അകലെ മാത്രമേ പാറ പൊട്ടിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദൂരപരിധി ലംഘിച്ച് പാറപൊട്ടിക്കാന്‍ തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ 7.30ന് അതിഭയങ്കര ശബ്ദത്തോടെ പാറപൊട്ടിക്കുകയും പാറക്കഷണങ്ങള്‍ വീട്ടുമുറ്റത്ത് വരെ തെറിച്ചെത്തുകയും ചെയ്തു.
ഇതേ തുടര്‍ന്ന് കിഴക്കേപ്പറമ്പില്‍ ശാന്തപ്പന്‍, ഭാര്യ വിജയകുമാരി, മകന്‍ അനു, കിഴക്കേ പുത്തന്‍പുരയില്‍ റഷീദ ഇബ്രാഹിംകുട്ടി എന്നിവര്‍ പാറമടയ്ക്കു സമീപമെത്തി തൊഴിലാളികളോട് പാറപൊട്ടിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ വിവരം ഉടമയെ അറിയിച്ചു.
സംഭവമറിഞ്ഞെത്തിയ പാറമടയുടമ കേട്ടാലറക്കുന്ന അസഭ്യം പറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് അരയില്‍ നിന്ന് തോക്കെടുത്ത് നേരെ നാല് പ്രാവശ്യം വെടി വയ്ക്കുകയുമാണുണ്ടായതെന്ന് അനു പറഞ്ഞു. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ട ഇവരെ പാറമടയുടമ പിന്തുടര്‍ന്നു.
ഉടന്‍ തന്നെ കാഞ്ഞാര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എ തങ്കപ്പന്‍, എസ്‌ഐ കെ ആര്‍ ബിജു, അഡീഷനല്‍ എസ്‌ഐ പി എസ് നാസ്സര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തില്‍ അറക്കുളം പുളിയനാനിക്കല്‍ ബൈജുവിനെതിരേ ആംസ് ആക്ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതായി കാഞ്ഞാര്‍ പോലിസ് പറഞ്ഞു. ഇതിനിടെ തന്റെ വസ്തുവില്‍ അതിക്രമിച്ചു കയറിയെന്ന പാറമടയുടയുടെ പരാതിയില്‍ സമീപവാസികളായ മൂന്നു പേര്‍ക്കെതിരേയും കേസെടുത്തു.
Next Story

RELATED STORIES

Share it