ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: അഞ്ചു ഹെക്റ്ററില്‍ താഴെയുള്ള പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു.
നിയമത്തില്‍ ഭേദഗതി വരുത്തി ചെറുകിട പാറമടകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട പാറമടകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് സംസ്ഥാനത്തെ നിര്‍മാണമേഖലയെ സ്തംഭിപ്പിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചു ഹെക്റ്ററില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിരുന്ന ഇളവുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണിത്. 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ചെറുകിട ധാതുഖനന ചട്ടത്തിലെ 12ാം വകുപ്പിലാണ് അഞ്ചു ഹെക്റ്റര്‍ വരെയുള്ള ഭൂമിയില്‍ ഖനനം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പാരിസ്ഥിതികാനുമതി വേണ്ടെന്നു വ്യക്തമാക്കുന്നത്. ഇതു ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി വിധി. തുടര്‍ന്ന് 12ാം വകുപ്പ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേയാണ് ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
വിജ്ഞാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന നിയമപരമായ ഭേദഗതി റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ഉത്തരവിനെതിരേ പാറമട ഉടമകള്‍ നേരത്തേ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it