thiruvananthapuram local

ഹൈക്കോടതി ഉത്തരവിനു പുല്ലുവില;  ഇടവ നടയറക്കായലില്‍ കരിമണല്‍ ഖനനം വ്യാപകം

വര്‍ക്കല: ഇടവ-നടയറ കായലില്‍ കാപ്പില്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മണലൂറ്റ് വീണ്ടും സജീവമാകുന്നു. പാരിസ്ഥിതിക പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ പോലിസിന്റെയും പൊതുജനങ്ങളുടെയും കര്‍ശന ഇടപെടലിനെ തുടര്‍ന്ന് ഇടക്കാലത്ത് മണല്‍ ഖനനം നിയന്ത്രണവിധേയമായിരുന്നു. പൊഴിമുഖത്തു നിന്നു തീരങ്ങളിടിച്ചു വള്ളങ്ങളില്‍ മണല്‍ കടത്തുന്ന പ്രവണതയും അവിടവിടെ സജീവമായിരുന്ന മണല്‍ക്കടവുകളും ഇന്നില്ല. പകരം ഇവിടങ്ങളില്‍ നിന്നു കരിമണല്‍ ചാക്കില്‍ കയറ്റി വാഹനങ്ങളിലെത്തിച്ച് വില്‍പന നടത്തുന്ന രീതിയാണുള്ളത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 250ഓളം ചാക്കില്‍ മണല്‍ നിറച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ അയിരൂര്‍ പോലിസിന്റെ പിടിയിലായിരുന്നു. ഒരു ചാക്ക് മണലിന് നൂറു രൂപ മുതല്‍ മേലോട്ടാണ് ഈടാക്കുന്നത്. മണ്‍സൂണ്‍ മാസങ്ങളില്‍ മണല്‍ഖനനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് തീരപ്രദേശങ്ങള്‍ മണല്‍ മാഫിയകള്‍ അന്യായമായി കൊള്ളയടിക്കുന്നത്. 2001ലെ നദീതീരസംരക്ഷണ നിയന്ത്രണവും മണല്‍വാരല്‍ നിയന്ത്രണ ആക്ടും പ്രാബല്യത്തിലുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. അനധികൃത മണല്‍ ഖനനത്തിന് എതിരെയുള്ള പോലിസ്-റവന്യൂ വകുപ്പുകളുടെ ഇടപെടല്‍ ക്രിയാത്മകമല്ലെന്നും ആക്ഷേപമുണ്ട്.
കാപ്പില്‍ പടിഞ്ഞാറേ പൊഴിമുഖത്തിനു സമീപം കടലിനും കായലിനും മധ്യേ അനുദിനം ശോഷിച്ചുവരുന്ന ഇടത്തട്ടിടിച്ചുള്ള അനധികൃത ഖനനം ഏറെ ഭവിഷ്യത്തുകള്‍ക്ക് ഇടനല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു. കായലിന്റെ അടിത്തട്ടുകള്‍ക്ക് അസ്വാഭാവികമായ രൂപപരിണാമം അനുഭവപ്പെടുന്നത് ഉള്‍െപ്പടെ മണലൂറ്റ് നിമിത്തം ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്.
Next Story

RELATED STORIES

Share it