ernakulam local

ഹൈക്കോടതിവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ട് റിട്ട.എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കളമശ്ശേരി: ഫാക്ടില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശ്ശിഖ നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ട് റിട്ട.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാക്ട് കോര്‍പറേറ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരത്തിനെത്തിയ രണ്ട് മുന്‍ തൊഴിലാളികള്‍ സമരസ്ഥലത്തു കുഴഞ്ഞുവീണു.
മുന്‍ ജീവനക്കാരികളായ കുഞ്ഞിപ്പെണ്ണ്(71), കാര്‍ത്തു അയ്യപ്പന്‍(66) എന്നിവരാണ് സമരത്തിനിടയില്‍ കുഴഞ്ഞുവീണത്. ഇവരെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1997ല്‍ ജനുവരി ഒന്നുമുതല്‍ 2001 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഫാക്ടില്‍നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശ്ശിഖ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട.ജീവനക്കാര്‍ സമരം നടത്തിയത്. നേരത്തെ മാര്‍ച്ചുമായി ബന്ധപ്പെട്ട് സിഐഎസ്എഫും സമരക്കാരും തമ്മില്‍ ഏലൂര്‍ പോലിസ് സ്‌റ്റേഷനില്‍വച്ചു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരക്കാരെ ഓഫിസിനു കുറച്ചകലെ വച്ച് നിര്‍ത്തണമെന്ന് ധാരണയുണ്ടായിരുന്നു. ഇതുപ്രകാരം പത്തരയോടെ ഫാക്ട് കവലയില്‍നിന്നും അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചു. ഇതിനിടയില്‍ ഫാക്ട് മാന്‌ജേമെന്റ് പോലിസ് സ്‌റ്റേഷനിലെത്തി മാര്‍ച്ച് തടയാന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് പാടില്ലെന്ന കോടതിയുടെ വിധി ഉണ്ടെന്നു പറഞ്ഞാണ് മാനേജ്‌മെന്റ് മാര്‍ച്ച് തടയാന്‍ ആവശ്യപ്പെട്ടത്.
ഇതിനകം മാര്‍ച്ച് ടൗണ്‍ഷിപ്പിന് മുന്നില്‍ എത്തി. മാര്‍ച്ച് വരുന്നതുകണ്ട സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഗേറ്റുകള്‍ താഴിട്ടുപൂട്ടി സമരക്കാരെ ഓഫിസിന്റെ ഭാഗത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. ഇതോടെ സമരക്കാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമായി.
കുറച്ചു നേരം ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും സമരക്കാരെ കടത്തിവിടാന്‍ തയ്യാറാവാതെവന്നതോടെ അസോസിയേഷന്‍ ഭാരവാഹികളും സിഐഎസ്എഫുകാരും തമ്മില്‍ ഉന്തും തള്ളുമായി. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് ഗേറ്റിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ വഴിയിലൂടെ സിഐഎസ്എഫുകാരെ തള്ളിമാറ്റി അകത്തു കടക്കാന്‍ ശ്രമം ആരംഭിച്ചു. ഉന്തും തള്ളിനുമിടയില്‍ മുന്‍ തൊഴിലാളികള്‍ ഒന്നടങ്കം സംഘടിച്ചെത്തിയതോടെ സിഐഎസ്എഫുകാരുടെ വലയം ഭേദിച്ച് സമരക്കാര്‍ അകത്തു കടന്നു.
തുടര്‍ന്ന് ബാനറുംപിടിച്ച് സ്ത്രീകളടക്കം സമരക്കാര്‍ മുന്നോട്ടുനീങ്ങി. ഇതിനിടയില്‍ ഏലൂര്‍ എസ്‌ഐ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കോര്‍പറേറ്റ് ഓഫിസിനു നൂറുമീറ്റര്‍ അകലെവരെ സമരമായി എത്താന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചു.
ഇതുപ്രകാരം മാര്‍ച്ചുമായി എത്തിയ സമരക്കാര്‍ കോര്‍പറേറ്റ് ഓഫിസിന് നൂറുമീറ്റര്‍ അകലെ മാര്‍ച്ച് അവസാനിപ്പിച്ച് ധര്‍ണ ആരംഭിച്ചു. ഈ സമയമാണ് കുഞ്ഞുപെണ്ണും കാര്‍ത്തു അയ്യപ്പനും കുഴഞ്ഞുവീണത്. മാര്‍ച്ച് എന്‍ പി ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ദേവസ്സികുട്ടി പടയാട്ടില്‍, കെ സി മാത്യു, പി എസ് അഷറഫ്, ജയന്‍ പുത്തന്‍പുരയ്ക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it