ഹൈക്കോടതികളുടെ പേരു മാറ്റാനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കും

ന്യൂഡല്‍ഹി: ഹൈക്കോടതികളുടെ പേര് മാറ്റാനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കുന്നതിനു കേന്ദ്രം നിയമം കൊണ്ടുവരുന്നു.അതതു സംസ്ഥാന സര്‍ക്കാരുകളോടും ചീഫ്ജസ്റ്റിസുകളോടും കൂടിയാലോചിച്ച ശേഷമാണ് ഹൈക്കോടതികളുടെ പേരു മാറ്റാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കുക. ബോംബെ, മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളുടെ പേരു മാറ്റാന്‍ ആവശ്യമുയര്‍ന്നിരുന്നു.

ബോംബെ, മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളുടെ പേരുകള്‍ യഥാക്രമം മുംബൈ ഹൈക്കോടതിയെന്നും ചെന്നൈ ഹൈക്കോടതിയെന്നും കൊല്‍ക്കത്ത ഹൈക്കോടതിയെന്നും നിയമനിര്‍മാണത്തിലൂടെ മാറ്റാനായിരുന്നു സര്‍ക്കാര്‍ മുമ്പ് ശ്രമം നടത്തിയിരുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളും മറ്റുകക്ഷികളും ഹൈക്കോടതികളുടെ പേരുമാറ്റലുമായി ബന്ധപ്പെട്ട് പുതിയ ചില ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അധികാരം രാഷ്ട്രപതിക്കു നല്‍കുന്ന കാര്യത്തിന് കേന്ദ്രം പരിഗണിക്കുന്നത്.ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ചീഫ് ജസ്റ്റിസുമാര്‍, എന്നിവരോട് ആരാഞ്ഞ ശേഷമാവും പേരു മാറ്റുന്ന നടപടി. രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നതോടെ ഹൈക്കോടതികളുടെ പേരു മാറ്റുന്നതിനായി കേന്ദ്രസര്‍ക്കാരിനു പുതിയ ബില്ല് അവതരിപ്പിക്കേണ്ടിവരില്ല. ഒറീസ ഹൈക്കോടതിയുടെ പേര് ഒഡീഷ ഹൈക്കോടതി എന്നാക്കാന്‍ സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it