Kerala

ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്കൊപ്പം; കുറ്റാരോപിതര്‍ മല്‍സരിക്കും: സുധീരന് തിരിച്ചടി

ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്കൊപ്പം; കുറ്റാരോപിതര്‍ മല്‍സരിക്കും: സുധീരന് തിരിച്ചടി
X
oommen-chandy-v-m-sudheeran

കെ എ സലിം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് കനത്ത തിരിച്ചടി. സുധീരന്‍ മാറ്റിനിര്‍ത്തണമെന്നു നിര്‍ദേശിച്ച മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ എ ഗ്രൂപ്പിലെ അഞ്ച് എംഎല്‍എമാര്‍ക്കും വീണ്ടും സീറ്റ് നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമായി. ഒരാഴ്ചയോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ഹൈക്കമാന്‍ഡ് നിലയുറപ്പിക്കുകയായിരുന്നു. അനിശ്ചിതത്വങ്ങള്‍ നീങ്ങിയതോടെ പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കും.
തര്‍ക്കസീറ്റുകള്‍ സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുലും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടി പിളരാതിരിക്കാനുള്ള നടപടിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പൂര്‍ണമായും ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഇതോടെ അവസാന നിമിഷം സുധീരന്‍ വഴങ്ങി. മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കരുതെന്നും ഇവര്‍ മാറിനില്‍ക്കുന്നതാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ജയസാധ്യത നല്‍കുന്നതെന്നും സുധീരന്‍ തുടക്കം മുതല്‍ നിലപാടെടുത്തു. അവരെ മല്‍സരിപ്പിക്കുന്നില്ലെങ്കില്‍ താനും മല്‍സരത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
നേതാക്കള്‍ രണ്ടുപേരും തങ്ങളുടെ നിലപാടില്‍നിന്ന് ഒരിഞ്ചുപോലും പിന്‍മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥിനിര്‍ണയചര്‍ച്ച ഒരാഴ്ചയോളം നീണ്ടത്. ഒന്നിലധികം തവണ സോണിയയും രാഹുലും ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. രണ്ടു മന്ത്രിമാരെ മാറ്റിനിര്‍ത്തി പട്ടിക തയ്യാറാക്കാനുള്ള അവസാനവട്ട ഫോര്‍മുലയും ഉമ്മന്‍ചാണ്ടി തള്ളിയതോടെ പ്രതിസന്ധി രൂക്ഷമായി.
കെ സി ജോസഫിന്റെ പേര് വെട്ടി ഇരിക്കൂറില്‍ സജി ജോസഫിന്റെ പേര് എഴുതിച്ചേര്‍ത്ത രാഹുലിനോട് ക്ഷുഭിതനായ ഉമ്മന്‍ചാണ്ടി, സുധീരന്‍ തന്നെ തിരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കട്ടെയെന്ന ഭീഷണിയുമായി അവസാനവട്ട ചര്‍ച്ചയിലും ഉടക്കി. ശനിയാഴ്ച രാത്രി സോണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ക്ഷോഭപ്രകടനം. തുടര്‍ന്ന് അദ്ദേഹം മറുപടിക്ക് കാക്കാതെ ഇന്നലെ രാവിലെ കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. അതിനിടെ, സുധീരനെ കൈവിടാന്‍ തയ്യാറാവാതിരുന്ന രാഹുലും പ്രായോഗിക രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി നിലപാട് സ്വീകരിക്കണമെന്നു നിര്‍ദേശിച്ച സോണിയയും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. ഒടുവില്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തിനു വഴങ്ങാനുള്ള തീരുമാനമുണ്ടായത്.
ഉമ്മന്‍ചാണ്ടി മാറിനില്‍ക്കുകയാണെങ്കില്‍ അതു പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കുമെന്നും ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. രണ്ടു മന്ത്രിമാരെ മാറ്റിയാല്‍ പിന്‍മാറാമെന്ന നിലപാടിലേക്ക് സുധീരന്‍ അയഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടി അണുകിട മാറിയില്ല.
കോണ്‍ഗ്രസ്സിന് ഓരോ സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ പ്രതീക്ഷയുള്ള കേരളത്തില്‍ ഏതുവിധേനയും വിജയിക്കലാണ് മുഖ്യലക്ഷ്യമെന്നു നേതൃത്വം കരുതി. അതിനാല്‍ രാഹുലിന്റെ എതിര്‍പ്പുപോലും അവഗണിച്ചാണ് അവസാനം ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നത്.
Next Story

RELATED STORIES

Share it