ഹൈക്കമാന്‍ഡിന് അയച്ചതായി പറയുന്ന കത്തിന്റെ ഉള്ളടക്കം ശരി തന്നെ: മുരളീധരന്‍

ശബരിമല: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയകാരണങ്ങള്‍തന്നെയാണ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചതായി പറയുന്ന കത്തിന്റെ ഉള്ളടക്കമെന്ന് കെ മുരളീധരന്‍ എംഎല്‍എ. ശബരിമല ദര്‍ശനത്തിനെത്തിയ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കത്തയച്ചിട്ടില്ല എന്ന് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍ എങ്ങനെയാണ് കത്തു വന്നത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബീഫും സൗഹൃദ മല്‍സരവുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തോല്‍പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗഹൃദ മല്‍സരം അനുവദിച്ചത് മുന്നണി ഒറ്റക്കെട്ടാണെന്ന തോന്നല്‍ ഇല്ലാതാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് എതിരാളികളെ തോല്‍പിക്കാനാണ്. ഒരേ മുന്നണിയില്‍ തന്നെയുള്ളവര്‍ എതിരാളികളായി വരുന്നത് ശരിയല്ല. ബിജെപിയോട് മൃദുസമീപനമെന്ന പ്രചാരണത്തിന്റെ മറവില്‍ ഉണ്ടായ ധ്രുവീകരണം മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് സംഘടനാപരമായ ദൗര്‍ബല്യം. ബിജെപിയുടെ പുതിയ നേതൃത്വം കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി വിജയം താല്‍ക്കാലിക പ്രതിഭാസമാണ്. കുമ്മനം നേതൃത്വത്തില്‍ വന്നത് ചേരിതിരിവുണ്ടാക്കും. ആര്‍ ശങ്കറിനെ ആര്‍എസ്എസ്സുകാരനാക്കാന്‍ നോക്കിയാല്‍ അംഗീകരിക്കില്ല. ശങ്കറിന്റെ പാരമ്പര്യം ചോദ്യം ചെയ്യാന്‍ ബിജെപിയും വെള്ളാപ്പള്ളിയും വളര്‍ന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it