ഹേമ ഉപാധ്യായ വധം: ഭര്‍ത്താവടക്കം 5 പേര്‍ക്കെതിരേ കുറ്റപത്രം

മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായയെയും അവരുടെ അഭിഭാഷകന്‍ ഹരീഷ് ഭംഭാനിയെയും കൊലപ്പെടുത്തിയ കേസില്‍ ചിത്രകാരന്‍ ചിന്തന്‍ ഉപാധ്യായക്കും മറ്റു നാലുപേര്‍ക്കുമെതിരേ മുംബൈ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ ഒന്നാംപ്രതിയായ ചിന്തന്‍ ഹേമയുടെ ഭര്‍ത്താവാണ്. 2000 പേജ് വരുന്ന കുറ്റപത്രം ബോറിവിലി മെട്രോ പൊളിറ്റന്‍ കോടതിയിലാണ് സമര്‍പ്പിച്ചത്. വിദ്യാധര്‍ രാജ്ഭര്‍, പ്രദീപ് രാജ്ഭര്‍, ശിവകുമാര്‍ രാജ്ഭര്‍, വിജയ് രാജ്ഭര്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മറ്റുള്ളവര്‍. ചിന്തന്‍, പ്രദീപ്, ശിവകുമാര്‍ എന്നിവര്‍ പോലിസ് കസ്റ്റഡിയിലാണ്. വിദ്യാധറിനെ പോലിസിന് പിടികൂടാനായിട്ടില്ല.
കേസില്‍ ഉജ്വല്‍ നിഗമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പോലിസ് അറിയിച്ചു. വിദ്യാധറിന്റെ അമ്മയടക്കം 30 സാക്ഷികളുണ്ട് കേസില്‍. സാക്ഷികളില്‍ ഹേമയുടെ ജോലിക്കാരന്‍ ലളിത് മണ്ഡലും പെടുന്നു. ഹേമയെ കാണാതായതിനുശേഷം ചിന്തന്‍ അവര്‍ വീട്ടിലുണ്ടോ എന്ന് ഫോണില്‍ ആരാഞ്ഞത് തന്നെ അമ്പരിപ്പിച്ചുവെന്ന് മണ്ഡല്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. വിദ്യാധറിന്റെ വര്‍ക്‌ഷോപ്പിലേക്ക് ഹേമയും ഭംഭാനിയും കാറില്‍ നിന്നിറങ്ങി പോവുന്ന സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.
ചിന്തനും കൂട്ടുപ്രതികളും കൈമാറിയ ഫോണ്‍ സന്ദേശങ്ങളുടെ വിവരങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹേമയുടെയും ഹരീഷിന്റെയും മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലടക്കം ചെയ്ത നിലയില്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12ന് കണ്ടിവലിയിലെ അഴുക്കുചാലിലാണ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it