ഹെല്‍മന്ദിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ സ്വാധീനം ശക്തമായ ഹെല്‍മന്ദ് പ്രവിശ്യയില്‍ യുഎസ് സൈന്യം നൂറുകണക്കിന് സൈനികരെ വിന്യസിക്കും.
2014ല്‍ നാറ്റോ ദൗത്യം അവസാനിപ്പിച്ചതിനു ശേഷം അഫ്ഗാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു പുറത്ത് ഇതാദ്യമായാണ് ഇത്രയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നത്. പോരാട്ടത്തില്‍ സൈനികര്‍ സജീവമായി പങ്കെടുക്കില്ലെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ മൈക്കല്‍ ടി ലഹോണ്‍ പറഞ്ഞു. ഹെല്‍മന്ദിലെ പ്രത്യേക ദൗത്യസേനയ്ക്ക് സംരക്ഷണം നല്‍കുന്നതാകും യുഎസ് സൈനിക വിന്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ നാഷനല്‍ ആര്‍മിയില്‍ നിന്നുള്ള സൈനികര്‍ക്ക് യുഎസ് സംഘം പരിശീലനം നല്‍കും.
താലിബാന്റെ ശക്തമായ സ്വാധീനം തുടരുന്ന ഹെല്‍മന്ദില്‍ അഫ്ഗാന്‍ സൈന്യത്തിന് അടുത്തിടെ കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, എത്ര സൈനികരെയാണ് അയക്കുന്നതെന്നതിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
എന്നാല്‍, സേനയിലെ രണ്ടാം ബറ്റാലിയനിലെ 700ഓളം സൈനികരെയാണ് ആദ്യഘട്ടത്തില്‍ അയക്കുകയെന്ന് പേരുവെളിപ്പെടുത്താത്ത ഒരു സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ അഫ്ഗാനിലുള്ള ഒരു യൂനിറ്റിനെ പുതിയ സംഘം എത്തുമ്പോള്‍ യുഎസ് സൈന്യം തിരിച്ചു വിളിക്കും. ഏതാണ്ട് 9800ഓളം യുഎസ് സൈനികരാണ് നിലവില്‍ അഫ്ഗാനിലുള്ളത്.
Next Story

RELATED STORIES

Share it