ഹെറോയിന്‍ കടത്ത്: ജൂഡി മിഷേലിന്റെ യഥാര്‍ഥ പേര് ഹെന്‍ട്രി ചുമ്മാ ഓഫോര്‍

കൊച്ചി: എറണാകുളത്തെ കൊറിയര്‍ സര്‍വീസ് വഴി ഏഴ് കോടിയുടെ മയക്കുമരുന്ന് വിദേശ രാജ്യങ്ങളിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിദേശി ജൂഡി മിഷേലിന്റെ യഥാര്‍ഥ പേര് ഹെന്‍ട്രി ചുമ്മാ ഓഫോര്‍. കാക്കനാട് ജില്ലാ ജയിലില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ജൂഡി മിഷേലല്ല നൈജീരിയന്‍ പൗരനായ ഹെന്‍ട്രി ചുമ്മാ ആണെന്ന് ഇയാള്‍ വ്യക്തമാക്കിയത്.
നേരത്തെ ജൂഡി മിഷേല്‍ എന്ന പേരില്‍ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പാസ്‌പോര്‍ട്ട് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിന്‍ റിപബ്ലിക്കിലേതായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ ഇയാളുടെ ഫഌറ്റില്‍ നിന്ന് പിടികൂടിയ നൈജീരിയന്‍ പാസ്‌പോര്‍ട്ടില്‍ ഹെന്‍ട്രി ചുമ്മാ ഓഫോര്‍ എന്ന പേരാണുള്ളത്. ചോദ്യം ചെയ്യലില്‍ പ്രതി ഈ പേര് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി സംശയം ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ബിബിഎ വിദ്യാര്‍ഥിയാണെന്നും മയക്കുമരുന്നു കടത്തുമായി ബന്ധമില്ലെന്നും ആവര്‍ത്തിച്ചതല്ലാതെ ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിക്കാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 മണിയോടെ അവസാനിച്ചു. പ്രതി സഹകരിക്കാത്ത സാഹചര്യത്തില്‍ മയക്കുമരുന്നു കള്ളക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം വേണ്ടിവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ് കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മെറ്റാം ഫെത്തമിന്‍ എന്ന മയക്കുമരുന്നും വിദേശ രാജ്യങ്ങളിലേക്ക് കൊറിയറില്‍ അയക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പടിയിലായത്.
Next Story

RELATED STORIES

Share it