Editorial

ഹെഡ്‌ലിയുടെ മൊഴികള്‍  മുഖവിലയ്‌ക്കെടുക്കുമ്പോള്‍

2004ല്‍ ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയ ഇശ്‌റത് ജഹാന്‍ ലശ്കര്‍ ത്വയ്യിബയുടെ വനിതാ അംഗമായിരുന്നുവെന്ന, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കുകയില്ലെന്നു തീര്‍ച്ച. മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റസമ്മതമൊഴി നല്‍കുന്നതിനിടയിലാണ് ഹെഡ്‌ലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അതും ഏതാണ്ട് അഴകൊഴമ്പന്‍ മട്ടില്‍. ഇന്ത്യയിലൊരിടത്തു നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ ഒരംഗം കൊല്ലപ്പെട്ടെന്ന് ലശ്കര്‍ തലവന്‍ മുസമ്മില്‍ ഭട്ട് പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്നാണ് മൊഴി. ആളുടെ പേരൊന്നും കക്ഷിക്ക് ഓര്‍മയില്ല. ഉടന്‍ വന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ വക മൂന്നു പേരുകള്‍. അവയില്‍നിന്ന് ഇശ്‌റത് ജഹാന്റെ പേര് തിരഞ്ഞെടുക്കുകയായിരുന്നു ഹെഡ്‌ലി. കൃത്യത തെല്ലുമില്ലാത്ത മൊഴിയാണ് ഹെഡ്‌ലിയുടേത് എന്ന് സാമാന്യബുദ്ധിയുള്ള ആരും പറയും. നിയമദൃഷ്ട്യാ മുഖവിലയ്‌ക്കെടുത്തുകൂടാത്തതും പ്രാബല്യമില്ലാത്തതുമായ തെളിവ്.
എന്നാല്‍, ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ വലിയ ആവേശത്തോടെ അത് ഏറ്റുപിടിച്ചിരിക്കുകയാണ് ബിജെപിയും ഗുജറാത്ത് ഗവണ്‍മെന്റുമൊക്കെ. ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ ജയിലിലായി ഇപ്പോള്‍ പുറത്തുവന്ന പോലിസ് ഡിഐജി വന്‍സാര പോലും തങ്ങള്‍ പണ്ടേ പറഞ്ഞത് നേരായിരുന്നുവെന്ന് തെളിഞ്ഞില്ലേ എന്ന് ചോദിച്ചു രംഗത്തുവന്നിരിക്കുന്നു. തങ്ങള്‍ക്കെതിരേ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം. തങ്ങള്‍ കുറ്റവിമുക്തരാക്കപ്പെട്ടു എന്ന മട്ടിലാണ് ഗുജറാത്ത് ഗവണ്‍മെന്റിന്റെ പ്രതികരണങ്ങള്‍. എല്ലാം മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ പിടിയിലായ ഒരാള്‍ അമേരിക്കന്‍ ജയിലില്‍ ഇരുന്നു നല്‍കുന്ന അലസമായ കുറ്റസമ്മതമൊഴിയുടെ പേരില്‍. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിന്, ഇത്തരത്തില്‍ പ്രാബല്യം നല്‍കുന്നത് ശരിയാണോ എന്ന് തീര്‍ച്ചയായും നാം ആലോചിക്കേണ്ടതുണ്ട്.
ബിജെപിക്ക് ഈ മൊഴികള്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നത് നേരു തന്നെ. ദേശാഭിമാനത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത് ജനവികാരം തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ അവര്‍ക്ക് ഇത്തരം വെളിപ്പെടുത്തല്‍ സഹായകമായേക്കും. പക്ഷേ നാം ആലോചിക്കേണ്ടത്, ഒരു ഭീകരാക്രമണക്കേസിലെ പ്രതിയുടെ കുറ്റസമ്മതമൊഴി അടിസ്ഥാനമാക്കി രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ചു നടന്ന വിധിത്തീര്‍പ്പുകളെ അസ്ഥിരപ്പെടുത്താനാവുമോ എന്നാണ്. ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകാന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലിലാണു മരിച്ചത് എന്ന് തെളിഞ്ഞത്. കോടതിയാണ് എസ്‌ഐടി സംഘത്തെ നിയോഗിച്ചത്. 2011ല്‍ കേസ് സിബിഐക്ക് വിട്ടു. പ്രത്യേകാന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ സിബിഐ ശരിവയ്ക്കുകയും ചെയ്തു. ഇത്രയും കൃത്യതയോടെയും കാര്യക്ഷമതയോടെയും നടത്തിയ ഒരു അന്വേഷണത്തില്‍നിന്നു വെളിപ്പെട്ട സത്യങ്ങള്‍ ഹെഡ്‌ലിയെപ്പോലുള്ള ഒരാളുടെ ജല്‍പനങ്ങള്‍ക്കനുസരിച്ച് തള്ളിക്കളയുന്നുവെങ്കില്‍, അതാണ് ദേശവിരുദ്ധ നടപടി, രാഷ്ട്രീയ ദുരുപയോഗം.
Next Story

RELATED STORIES

Share it