ഹെഡ്‌ലിയുടെ ഭാര്യയുടെ മൊഴി: എന്‍ഐഎ അനുമതി തേടി

ന്യൂഡല്‍ഹി: മുംബൈ ആക്രമണക്കേസില്‍ ഡേവിഡ് ഹെഡ്‌ലിയുടെ മുന്‍ ഭാര്യ ഫൈസ ഒട്ടാല്‍ഹയുടെ മൊഴിയെടുക്കുന്നതിന് മൊറോക്കോയുടെ അനുമതി തേടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പുതിയ കത്തയച്ചു. ഡേവിഡ് ഹെഡ്‌ലിക്ക് ലശ്കറെ ത്വയ്യിബയുമായുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അറിയുന്നതിനായി എന്‍ഐഎ മൊറോക്കോയില്‍ കഴിയുന്ന ഫൈസ ഒട്ടാല്‍ഹയുടെ മൊഴിയെടുക്കും. മുംബൈ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് പുറത്തുകൊണ്ടുവരുന്നതിനുള്ള എന്‍ഐഎയുടെ ശ്രമത്തിന്റെ ഭാഗമായാണിത്.
2012ല്‍ എന്‍ഐഎയുടെ അഭ്യര്‍ഥന പ്രകാരം മൊറോക്കോ അധികൃതര്‍ ഫൈസയുടെ മൊഴിയുടെ രേഖ അയച്ചിരുന്നെങ്കിലും അന്വേഷണ ഏജന്‍സിയുടെ നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടി അതിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു ഫ്രഞ്ച് പരിഭാഷകനടങ്ങുന്ന എന്‍ഐഎ സംഘത്തെ മൊറോക്കോയിലെത്തിച്ച് നേരിട്ട് മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ വീണ്ടും അയച്ചത്.ലശ്കറെ-ത്വയ്യിബ നേതാക്കളായ ഹാഫീസ് സഈദ്, സാക്കിര്‍ റഹ്മാന്‍ എന്നിവര്‍ക്കും രണ്ടു പാകിസ്താന്‍ മേജര്‍മാര്‍ക്കുമുള്ള പങ്ക് അറിയുന്നതിനു വേണ്ടിയാണ് മൊഴിയെടുക്കുന്നത്. സൈനിക നിരീക്ഷണം നടത്തുന്നതിന് വേണ്ടി ഹെഡ്‌ലിയുടെ നിര്‍ദേശപ്രകാരം രണ്ടുതവണ ഫൈസ മുംബൈ താജ് ഹോട്ടലില്‍ എത്തിയിരുന്നു. പാകിസ്താനില്‍ ജനിച്ച അമേരിക്കന്‍ പൗരനാണ് ഡേവിഡ് ഹെഡ്‌ലി.ഇപ്പോള്‍ ഷിക്കാഗൊ ജയിലില്‍ 35 വര്‍ഷത്തെ തടവില്‍ കഴിയുന്ന ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അമേരിക്കയുടെ അനുവാദം ലഭിക്കുമെന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്. മൊറോക്കോയിലുള്ള ഫൈസ ഒട്ടാല്‍ഹയുടെ മൊഴി കൂടി ലഭിച്ചാല്‍ ആക്രമണത്തില്‍ ഐഎസ്‌ഐയുടെ ബന്ധം തെളിയിക്കാന്‍ കഴിയുമന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
Next Story

RELATED STORIES

Share it