ഹൃദ്രോഗ വിഭാഗത്തിലെ അപര്യാപ്തത; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗവിഭാഗത്തിലെ അപര്യാപ്തതകളെക്കുറിച്ച് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
ഫെബ്രുവരി 22ന് രാവിലെ 11ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങിലാണ് വിശദീകരണം ഫയല്‍ ചെയ്യേണ്ടത്. ദിവസേന നൂറുകണക്കിന് രോഗികളാണ് ഹൃദ്രോഗബാധയുമായി എറണാകുളം മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍, ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൃദ്രോഗ വിഭാഗമില്ല. ആഴ്ചയില്‍ 3 ദിവസം മാത്രമാണ് ഹൃദ്രോഗവിദഗ്ധന്‍ ആശുപത്രിയിലെത്തുന്നത്. ഇതില്‍ ഒരുദിവസം മാത്രം ഒപി വിഭാഗത്തില്‍ രോഗികളെ കാണും. ഒരു ഡോക്ടര്‍ മാത്രമുള്ളതിനാല്‍ ഏതാനും രോഗികളെ മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂ.
കാത്ത്‌ലാബില്ലാത്തതിനാല്‍ ദിവസേനെ 10 രോഗികളെയെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലേക്കയക്കുന്നു. ഇവരില്‍ പലരും യാത്രാമധ്യേ മരിക്കും. ഒരുവര്‍ഷം മുമ്പ് കാര്‍ഡിയോളജി വിഭാഗവും കാത്ത്‌ലാബും തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിക്കാന്‍ പണമില്ലാത്തവരാണ് മെഡിക്കല്‍ കോളജിലെത്തുന്നത്. . മെഡിക്കല്‍ കോളജില്‍ യൂറോളജി വിഭാഗമില്ല. ലക്ഷങ്ങള്‍ ചെലവാക്കി വാങ്ങിയ യൂറോളജി യന്ത്രങ്ങള്‍ പൊടിപിടിച്ച് കിടക്കുന്നു. ന്യൂറോ സര്‍ജന്റെ സേവനം 24 മണിക്കൂറും ലഭ്യമല്ലെന്നും പരാതിയില്‍ പറയുന്നു. കേരള ഹൗസ് സര്‍ജന്‍സ് അസോസിയേഷനുവേണ്ടി ഡോ. ജയസൂര്യ പി ജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it