ഹൃദയം നുറുങ്ങുന്ന വേദനയുമായി റഹീം നാട്ടിലെത്തി: കേസുമായി മുന്നോട്ടുപോവും; പ്രതികള്‍ക്കു സംരക്ഷണം ലഭിക്കുന്നു

തിരുവനന്തപുരം: ഉറ്റവരെ നഷ്ടമായിട്ടും അവരെ ഒരുനോക്ക് കാണാനാവാതെ ഹൃദയം നുറുങ്ങുന്ന വേദനയുമായി വിദേശത്ത് ദിവസങ്ങള്‍ തള്ളിനീക്കിയ റഹീം ഒടുവില്‍ സ്വന്തം മണ്ണിലെത്തി. ആക്കുളം കൂട്ട ആത്മഹത്യയില്‍ കുടുംബത്തെ നഷ്ടപ്പെട്ട കിളിമാനൂര്‍ പുതിയകാവ് ജാസ്മിന്‍ മന്‍സിലില്‍ അബ്ദുര്‍റഹീമാണ് ദോഹയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയെത്തിയത്.
കച്ചവടത്തിന്റെ ഭാഗമായുണ്ടായ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് യാത്രാ വിലക്കുള്ളതിനാല്‍ നാട്ടിലേക്കു പോവാന്‍ കഴിയാതെ രണ്ടു മാസമാണ് റഹീം ദോഹയില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹീമിനെ നാട്ടുകാര്‍ സ്വീകരിച്ചു. വിവിധ ചെക്ക് കേസുകളിലായി ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ രാജ്യം വിട്ടുപോവുന്നതിന് വിലക്കേര്‍പ്പെടുത്തിയതാണ് റഹീമിന്റെ നാട്ടിലേക്കുള്ള യാത്ര വൈകാനിടയായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിച്ചത്. രാജകുടംബാംഗം ഉള്‍പ്പെടെ ദോഹയിലെ പ്രമുഖ വ്യക്തികള്‍ക്കു നല്‍കാനുള്ള ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് ഷംസുദ്ദീന്‍ ഒളകര എന്നയാള്‍ ജാമ്യം നില്‍ക്കുകയും റഹീമിന്റെ പേരിലുള്ള കേസുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ച് നാട്ടിലേക്കു പോവാന്‍ സൗകര്യം ഒരുക്കുകയുമായിരുന്നു.
നവംബര്‍ 29നാണ് റഹീമിന്റെ ഭാര്യ ജാസ്മിനും മകളും ആക്കുളം പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഒപ്പം ചാടിയ മാതാവ് സോഫിത വലയില്‍ കുടുങ്ങി രക്ഷപ്പെട്ടു. പാലത്തില്‍ അകപ്പെട്ടുപോയ രണ്ടു ആണ്‍കുട്ടികളെ അതുവഴിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തി. പിറ്റേദിവസം മരണവിവരമറിഞ്ഞ് ബംഗളൂരുവില്‍ നിന്നെത്തിയ ജാസ്മിന്റെ സഹോദരി സജ്‌നയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തട്ടിപ്പുനടത്തിയ കിളിമാനൂര്‍ സ്വദേശി നാസറിനെയും ജാസ്മിന്റെ മാതൃസഹോദരിമാരായ മെഹ്‌റുബാന്‍, മുംതാസ് എന്നിവരെയും സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാപാരത്തിലുണ്ടായ നഷ്ടങ്ങളെ തുടര്‍ന്ന് ചെക്ക് കേസില്‍ അറസ്റ്റിലായ റഹിം ജാമ്യത്തിലിറങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് വരവേയാണ് നാട്ടില്‍ കുടുംബം ആത്മഹത്യ ചെയ്തത്. നാട്ടിലെ വസ്തുക്കള്‍ വില്‍പ്പന നടത്തി ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ നടത്തിയ വിശ്വാസവഞ്ചനയാണ് ദുരന്തത്തില്‍ കലാശിച്ചത്.
സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനായി റഹീമിന് നല്‍കാനായി സ്ഥലം വിറ്റുനല്‍കിയ പണവുമായി കുടുംബസുഹൃത്ത് മുങ്ങുകയായിരുന്നു. ഇതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ ഖത്തറിലെ എംബസിയുമായും പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ടാണ് റഹീമിനെ നാട്ടിലെത്തിച്ചത്. കേസുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനമെന്നും കൂടുതല്‍ തെളിവുകള്‍ പോലിസിന് നല്‍കുമെന്നും വിമാനത്താവളത്തിലെത്തിയ റഹീം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്ക് പലഭാഗത്തു നിന്നും സംരക്ഷണം ലഭിക്കുന്നത് കേസിനെ ബാധിച്ചിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും റഹീം പറഞ്ഞു.
Next Story

RELATED STORIES

Share it