thrissur local

ഹൃദയം നല്‍കാനാവാതെ പൂര്‍ണിമ യാത്രയായി

ചാലക്കുടി: ഹൃദയമിടിപ്പ് പകര്‍ന്ന് നല്‍കാനാവാതെ പൂര്‍ണിമ യാത്രയായി. മസ്തിഷ്‌ക്ക മരണം സംഭവിച്ച പൂര്‍ണിമയാണ് അവയവങ്ങള്‍ ദാനം ചെയ്യാനാകാതെ മടങ്ങിയത്.
കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കേ മസ്തിഷ്‌ക്ക മരണം സംഭവിച്ച പോട്ട തെക്കേടത്ത് സാജുവിന്റെ ഭാര്യ പൂര്‍ണിമ(35)യുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറായതോടെയാണ് അവയവമാറ്റത്തിനായുള്ള നടപടികള്‍ ആരംഭിച്ചത്.
ഒരു കിഡ്‌നിയും പാന്‍ക്രിയാസും അമൃത ആശുപത്രിയിലേക്കും മറ്റൊരു കിഡ്‌നിയും കരളും മെഡിസിറ്റി ആശുപത്രിയിലേക്കും ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാണ് കൊണ്ടുപോകാന്‍ ഉദ്യേശിച്ചിരുന്നത്.
പ്രാഥമിക പരിശോധനയില്‍ അവയവങ്ങള്‍ മാറ്റുന്നതിന് കുഴപ്പമില്ലെന്ന് കണ്ടതോടെ മൂന്ന് ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ദ ഡോക്ടര്‍മാരടക്കമുള്ള സംഘം ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയിലെത്തിയിരുന്നു.
അവയവങ്ങള്‍ കൊണ്ടുപോകാനായി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ പൂര്‍ണിമയുടെ ഹൃദയ വാല്‍വിന് ചെറിയ തകരാറുണ്ടെന്ന് കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിവരെ നടത്തിയ പരിശോധനയില്‍ അവയവങ്ങള്‍ മാറ്റാനാകില്ലെന്ന നിഗമനത്തിലെത്തി ഡോക്ടര്‍മാര്‍. തുടര്‍ന്ന് അവയവങ്ങളില്ലാതെ തിരികെ പോവുകയായിരുന്നു. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കല്‍ക്ക് വിട്ടുനല്‍കി.
വ്യാഴാഴ്ച രാവിലെ 8.30ഓടെ പോട്ട സുന്ദരികവലയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ പൂര്‍ണിമയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it