ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി

കെയ്‌റോ: ലബ്‌നാന്‍ പോരാട്ടസംഘമായ ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി. കഴിഞ്ഞ ദിവസം സമാപിച്ച അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം.
നേരത്തേ ജിസിസിയും ഹിസ്ബുല്ലയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വോട്ടെടുപ്പില്‍ ഇറാഖും ലബ്‌നാനും വിട്ടുനിന്നു. ഉച്ചകോടിയില്‍ ലബ്‌നാനിലെ ഹിസ്ബുല്ല, ഇറാഖിലെ ഹശ്ദുശ്ശഅ്ബി' സായുധ സംഘങ്ങളെ ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം ജഅ്ഫരി പ്രശംസിച്ചത് സൗദി പ്രതിനിധികളെ കുപിതരാക്കി. പ്രതിഷേധിച്ച് സൗദി പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഹിസ്ബുല്ലയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനെ ജഅ്ഫരി എതിര്‍ത്തു. ഹിസ്ബുല്ലയും ഹശ്ദുശ്ശഅ്ബി യും അറബികളുടെ അന്തസ്സിനുവേണ്ടി പോരാടുന്നവരാണെന്നു പറഞ്ഞ അദ്ദേഹം ഭീകരാരോപണം ഉയര്‍ത്തുന്നവരാണ് ഭീകരര്‍ എന്നും വ്യക്തമാക്കി. ഇറങ്ങിപ്പോയ സൗദി പ്രതിനിധികള്‍ ജഅ്ഫരിയുടെ പ്രസംഗത്തിനു ശേഷമാണ് തിരിച്ചെത്തിയത്.
ഈ മാസം തുണീസ്യയില്‍ ചേര്‍ന്ന അറബ് ആഭ്യന്തരമന്ത്രിമാരുടെ 33ാമത് യോഗം ഹിസ്ബുല്ലയെ ഭീകരസംഘടനയെന്നു വിശേഷിപ്പിച്ചിരുന്നു. ഹിസ്ബുല്ലയെയും അനുബന്ധ സംഘടനകളെയും ഭീകരസംഘടനകളായി ജിസിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it