ഹിന്ദുസ്ഥാന്‍ ഹിന്ദുവിന്റേതെന്ന് അസം ഗവര്‍ണര്‍

ഗുവാഹട്ടി: ഹിന്ദുസ്ഥാന്‍ ഹിന്ദുവിന്റേതാണ് എന്ന അസം ഗവര്‍ണര്‍ പിബി ആചാര്യയുടെ പ്രസ്താവന വിവാദമായി. വിവിധ രാജ്യങ്ങളിലുളള ഇന്ത്യക്കാര്‍ക്ക് ഇവിടെ കഴിയാമെന്നും അവര്‍ അന്യര്‍ ആയിരിക്കില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.ഗവര്‍ണറുടെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ദാദ്രി പോലുളള സംഭവങ്ങളിലേക്ക് നയിക്കുന്ന ബിജെപിയുടേയും ആര്‍എസ്എസ്സിന്റെയും ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രം വെളിവാക്കുന്നതാണ് ഗവര്‍ണറുടെ പ്രസ്താവനയെന്ന് പാര്‍ട്ടി ആരോപിച്ചു. ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്.
പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണവുമായി ആചാര്യ വീണ്ടും രംഗത്തെത്തി ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകളടക്കമുളള ഏതൊരാളേയും അവര്‍ ഏതെങ്കിലും വിദേശരാജ്യത്ത് പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് താന്‍ അര്‍ഥമാക്കിയതെന്ന് ആചാര്യ വിശദീകരിച്ചു. പാകിസ്താനില്‍ ഇന്ത്യക്കാര്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ അവര്‍ ക്രിസ്ത്യാനിയായാലും ബുദ്ധമതക്കാരനായാലും ജൈനമതവിശ്വാസിയാണെങ്കിലും ഹിന്ദുവാണെങ്കിലും ഇന്ത്യയിലേക്കല്ലാതെ മറ്റെവിടെക്കാണ് പോവുക. എന്നാല്‍ ഒരു യൂറോപ്യന്‍ ക്രിസ്ത്യാനിയോ, യൂറോപ്യന്‍ ഹിന്ദുവോ ബെല്‍ജിയത്തില്‍ പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുകയില്ല- ആചാര്യ പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എവിടേക്ക് പോവാനും സ്വാതന്ത്ര്യമുണ്ട് അവര്‍ക്ക് ഇവിടെ കഴിയണമെങ്കില്‍ കഴിയാം. പലരും പാകിസ്താനിലേക്ക് പോവുന്നുണ്ട്. അവര്‍ക്ക് പാകിസ്താനിലേക്കോ, ബംഗ്ലാദേശിലേക്കോ വേണമെങ്കില്‍ പോകാവുന്നതാണ്. ബംഗ്ലാദേശില്‍ തസ്‌ലീമ നസ്‌റിന്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ ഇവിടെ വന്നു. വീണ്ടും വന്നാല്‍ അവര്‍ക്ക് ഇവിടെ അഭയം നല്‍കിയിരിക്കും. ഇന്ത്യ വിശാല ഹൃദയമുളള രാജ്യമാണ് ആചാര്യ കൂട്ടിച്ചേര്‍ത്തു.
ആചാര്യയുടെ പ്രസ്താവന നടുക്കുന്നതും നിര്‍ഭാഗ്യകരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ഇതുവരെ എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഇത്തരത്തിലുണ്ടാവുന്നത് ഭരണഘടനാപദവിയെ തങ്ങളുടെ ആശയ പ്രചാരണത്തിന് ബിജെപിയും ആര്‍എസ്എസ്സും ഉപയോഗിക്കുന്നുവെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it