ernakulam local

ഹിന്ദുമഹാസംഗമത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതിനെച്ചൊല്ലി തര്‍ക്കം ഉയരുന്നു

പറവൂര്‍: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പറവൂര്‍ ഹിന്ദുമഹാസംഗമം 2016നോടനുബന്ധിച്ചു മഹാഘോഷയാത്രയില്‍ ജനപങ്കാളിത്തം വളരെ കുറഞ്ഞതിനെച്ചൊല്ലി തര്‍ക്കം ഉയരുന്നു.
15,000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവസാനനിമിഷംവരെ അവകാശപ്പെട്ടിരുന്നെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണക്കനുസരിച്ച് 1500ല്‍താഴെ ആളുകളാണ് പങ്കെടുത്തത്. എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ നിലപാടുമൂലം എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റ് സി എന്‍ രാധാകൃഷ്ണനായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍. കെപിഎംഎസ്(ബാബുവിഭാഗം) ഉള്‍പ്പെടെ വിവിധ സംഘടനകളുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എസ്എന്‍ഡിപി യൂനിയന്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
താല്‍പര്യമുള്ളവര്‍ക്കുപോവാം എന്ന നിലപാടാണ് ശാഖാ കമ്മിറ്റികള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നാമമാത്രമായ ആളുകളേ ഘോഷയാത്രയില്‍ പങ്കെടുത്തുള്ളൂ. കെപിഎംഎസ് പിളര്‍പ്പിനെത്തുടര്‍ന്ന് ബാബു വിഭാഗം പറവൂരില്‍ ശുഷ്‌കമാണ്. വിരലിലെണ്ണാവുന്നവരാണ് ഇവരില്‍നിന്നും പങ്കെടുത്തത്.
എസ്എന്‍ഡിപി യൂനിയന്‍ വേണ്ടത്ര താല്‍പര്യം കാണിക്കാതിരുന്നതുമൂലമാണ് ഘോഷയാത്ര പൊളിഞ്ഞതെന്നാണ് സംഘപരിവാര്‍ ആക്ഷേപം. എന്നാല്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ എത്രപേര്‍ പങ്കെടുത്തെന്ന എസ്എന്‍ഡിപി നേതൃത്വത്തിന്റെ ചോദ്യത്തിനുമുന്നില്‍ ഇവര്‍ക്ക് ഉത്തരംമുട്ടുന്നു. ചതയദിനഘോഷയാത്ര എസ്എന്‍ഡിപി നടത്തുമ്പോള്‍ സ്ത്രീകളടക്കം പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കാറുണ്ട്.
അടുത്തിടെ വേട്ടുവ മഹാസഭ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തേക്കാള്‍ കുറവായിരുന്നു ഹിന്ദു ഐക്യവേദി ഘോഷയാത്ര എന്ന വിമര്‍ശനം സംഘാടകര്‍ക്ക് ക്ഷീണമായി. ഒരുമാസം മുമ്പ് മുതല്‍ വ്യാപക പ്രചാരണം സംഘടിപ്പിച്ചിരുന്നു. വിളംബരജാഥ, ബൈക്ക് റാലി എന്നിവയും ഉണ്ടായിരുന്നു. എന്നാല്‍ ഘോഷയാത്രക്ക് ആളെക്കൂട്ടാന്‍ കഴിയാതിരുന്നതിനെച്ചൊല്ലി സംഘാടകര്‍ക്കിടയില്‍ കുറ്റാരോപണം തുടരുകയാണ്.
Next Story

RELATED STORIES

Share it