ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഹിന്ദുമതം അറിയില്ല: യോഗേഷ് മാസ്റ്റര്‍

തൃശൂര്‍: ശ്രീരാമസേന, ബജ്‌രംഗ്ദള്‍, വിഎച്ച്പി തുടങ്ങിയ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് കര്‍ണാടകയിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ യോഗേഷ് മാസ്റ്റര്‍. ഹിന്ദുത്വ ഭീകരതയില്‍നിന്ന് ജനാധിപത്യം സംരക്ഷിക്കുക എന്ന വിഷയത്തില്‍ എന്‍സിഎച്ച്ആര്‍ഒ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദികള്‍ മതത്തിന്റെ ലേബല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മതത്തിന്റെ അമൂല്യമായ ആദര്‍ശങ്ങളോ ലക്ഷ്യങ്ങളോ അവര്‍ക്ക് പ്രശ്‌നമല്ല. വ്യക്തിപരമായും സാമൂഹികമായും അത്‌കൊണ്ട് ലഭിക്കുന്ന ഗുണങ്ങളാണ് അവരുടെ ലക്ഷ്യം. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് മതവുമായി ഒരു ബന്ധവുമില്ല. അവരുടെ ആശയങ്ങള്‍ ഹിന്ദുമതത്തിന് പുറത്തുള്ളവയാണ്. കുല്‍ബര്‍ഗിയെ വെടിവെച്ചുകൊന്നവര്‍ ഇനി ഇതുപോലെ സംസാരിക്കാന്‍ ആരുമുണ്ടാവില്ലെന്ന് വിചാരിക്കുന്നു. ഹിന്ദു ദേശീയതയെ എതിര്‍ത്തതിനുള്ള ശിക്ഷയാണ് ഗാന്ധിവധമെന്ന് പറയുന്ന ആര്‍എസ്എസ് പുസ്തകങ്ങള്‍ രാജ്യത്ത് ഇപ്പോഴും വിറ്റുകൊണ്ടിരിക്കുകയാണ്. അന്യമതസ്ഥരെ വെറുക്കാന്‍ ഹിന്ദുമതം ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, ഹിന്ദുത്വര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.
മുസ്‌ലിംകളെയും ഇസ്‌ലാമിനെയും അപമാനിക്കുന്നതിനാണ് ഹിന്ദുത്വര്‍ നാടോടിക്കഥകളെപ്പോലും ഉപയോഗിക്കുന്നത്. ഫാഷിസ്റ്റുകള്‍ക്ക് വേദത്തിലോ ഉപനിഷത്തിലോ വിശ്വാസമില്ല. രാഷ്ട്രീയ അധികാരത്തിനായി ഹിന്ദുമത സംരക്ഷകരായി അഭിനയിക്കുകയാണ്. കോര്‍പറേറ്റ്‌വല്‍ക്കരണമാണ് ഹിന്ദുത്വരുടെ ലക്ഷ്യം. സത്യം പറയുന്നവരെ കൊന്നുതീര്‍ക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. തനിക്കെതിരേ അഞ്ചു തവണയാണ് വധശ്രമമുണ്ടായതെന്നും ഒരിക്കല്‍ പോലിസ് പട്രോളിങ് പാര്‍ട്ടി വന്നതിനാലാണ് തോക്കിന്‍മുനയില്‍നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രഫ. രാമസ്വാമി (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്), ഡോ. വര്‍ഷ ബഷീര്‍ (സാമൂഹിക നിരീക്ഷക), അഡ്വ. കെ ആശ (സ്ത്രീപക്ഷ പ്രവര്‍ത്തക), കെ എച്ച് നാസര്‍ (പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി), ടി കെ വാസു (പിയുസിഎല്‍) ആരിഫ് (സോളിഡാരിറ്റി ), എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, സംസ്ഥാന ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, അട്ടപ്പാടി പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രഫര്‍ ബെന്നിയുടെ ഭാര്യ പി കെ സുനിത സംസാരിച്ചു.
Next Story

RELATED STORIES

Share it