ഹിന്ദുത്വരെക്കുറിച്ച് അംബേദ്കര്‍

ശംസുല്‍ ഇസ്‌ലാം

അടുത്തകാലത്തായി ആര്‍എസ്എസ് ചരിത്രം തിരുത്തിയെഴുതുന്ന തിരക്കിലാണ്. ചരിത്രത്തെ ശിരഛേദം ചെയ്യുന്ന എന്ന പദമാണ് കൂടുതല്‍ യോജ്യം. കാരണം, ഈ പ്രക്രിയക്കിടയില്‍ ഹിന്ദുത്വസംഘത്തിന്റെ രാഷ്ട്രീയ അത്യാര്‍ത്തിയുടെ അള്‍ത്താരയില്‍ കുരുതിയാവുന്നത് ചരിത്ര യാഥാര്‍ഥ്യങ്ങളും വസ്തുതകളുമാണ്.
ഇന്നോളം ഈ സര്‍ഗാത്മകത മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ഭഗത്‌സിങ് എന്നിവരുടെ രചനകളിലും വാക്കുകളിലും ഒതുങ്ങുനിന്നിരുന്നു. എന്നാല്‍, ഇപ്പോഴിതാ പരേതനായ ബാബാ സാഹബ് അംബേദ്കറും ഹിന്ദു പതാകാവാഹകരുടെ വഞ്ചനാപരമായ ചരിത്രനിര്‍മിതിയില്‍ ഏറ്റവും പുതിയ ഇരയായിരിക്കുന്നു. ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതില്‍ കെ ബി ഹെഡ്‌ഗെവാറിനും എം എസ് ഗോള്‍വാള്‍ക്കര്‍ക്കുമൊപ്പമുള്ള ഒരു നേതാവായി അവതരിപ്പിക്കുകയെന്ന ആര്‍എസ്എസ് ആസൂത്രണത്തിന്റെ പുതിയ ഇരയായിരിക്കുന്നു ഡോ. അംബേദ്കര്‍.
2003ല്‍ കടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനും ബജ്‌രംഗ്ദളിന്റെ മുന്‍ തലവനുമായിരുന്ന വിനയ് കത്യാറാണ്, അംബേദ്കര്‍ ആര്‍എസ്എസ് സ്ഥാപകനായ കെ ബി ഹെഡ്‌ഗെവാറിനെപ്പോലെ ഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും നല്ല പിന്തുണക്കാരനായിരുന്നുവെന്ന് പ്രഖ്യാപിച്ചത്. 2014ല്‍ ബിജെപി/ആര്‍എസ്എസ് ഇന്ത്യയില്‍ അധികാരമേറ്റതോടെ ഈ ഹൈജാക്കിങിന് വേഗം കൂടി. ശരിയായ ഹിന്ദുത്വപാരമ്പര്യമനുസരിച്ച്, ആര്‍എസ്എസ് ചിന്തകര്‍ ചരിത്രം നിര്‍മിക്കാന്‍ തുടങ്ങി. ബാബാ സാഹബ് ഒരിക്കലും എഴുതുകയോ പറയുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ലാത്ത വാക്കുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രചിക്കുന്നിടത്തോളം വരെ ഒട്ടും ലജ്ജയില്ലാതെ അവര്‍ നീങ്ങി. ഡോ. അംബേദ്കറുടെ 124ാം ജന്മവാര്‍ഷികദിനത്തില്‍ ആര്‍എസ്എസ് ഹിന്ദി, ഇംഗ്ലീഷ് മുഖപത്രങ്ങള്‍ പ്രത്യേക പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഒരു ലേഖനത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍ എഴുതി: ''തൊട്ടുകൂടായ്മ ഹിന്ദുയിസത്തിന്റെ ഭാഗമല്ല. മുസ്‌ലിം ഭരണകാലത്ത് ഉദ്ഭവിച്ചതാണ്.'' ഗോപാലിന്റെ വാക്കുകളില്‍: ''അദ്ദേഹം (അംബേദ്കര്‍) പറയുന്നു, തൊട്ടുകൂടായ്മ 12-13 നൂറ്റാണ്ടുകളില്‍ തന്നെ ഹിന്ദുസമൂഹത്തില്‍ നിലീനമായിരുന്നു.''
ഹിന്ദുമതത്തിന്റെ അടിച്ചമര്‍ത്തല്‍ സമീപനം കാരണം 1956ല്‍ അത് ഉപേക്ഷിക്കുകയും ബുദ്ധമതത്തിലേക്ക് മതംമാറുകയും ചെയ്ത ഡോ. അംബേദ്കറെക്കുറിച്ച് ഇത്തരമൊരു വിചിത്രമായ ഗവേഷണം കേള്‍ക്കുന്നത് സത്യത്തില്‍ അമ്പരപ്പിക്കുന്നതാണ്. 'കോണ്‍ഗ്രസ്സും ഗാന്ധിയും അയിത്തജാതിക്കാരോട് ചെയ്തത്' എന്ന തന്റെ ശ്രദ്ധേയമായ കൃതിയില്‍ അദ്ദേഹം എഴുതുന്നു: ''കാര്യങ്ങള്‍ പൊതുവായ പദങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍, ഹിന്ദുമതവും സാമൂഹിക ഏകീകരണവും ഒന്നിച്ചുപോവില്ല. ഹിന്ദുമതത്തിന്റെ അടിസ്ഥാന ചൈതന്യം തന്നെ സാമൂഹിക വേര്‍തിരിവിലാണ്, അഥവാ സാമൂഹിക അനൈക്യത്തിന്റെ മറ്റൊരു പേരാണത്. അതു സാമൂഹിക വിഭജനം വരെ സൃഷ്ടിക്കുന്നു. ഹിന്ദുക്കള്‍ക്ക് ഒന്നാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ഹിന്ദുമതത്തെ വിട്ടുകളയണം. ഹിന്ദുമതത്തെ ലംഘിക്കാതെ അവര്‍ക്ക് അതു സാധ്യമല്ല. ഹിന്ദു ഐക്യത്തിനുള്ള ഏറ്റവും വലിയ തടസ്സം ഹിന്ദുയിസമാണ്. എല്ലാ സാമൂഹിക ഏകീകരണത്തിന്റെയും അടിസ്ഥാനം ഒന്നിച്ചുകൂടാനുള്ള താല്‍പര്യമാണ്. ഹിന്ദുയിസത്തിന് അത് സൃഷ്ടിക്കാനാവില്ല. മറിച്ച് ഹിന്ദുയിസം വേര്‍തിരിവിനുള്ള താല്‍പര്യമാണ് സൃഷ്ടിക്കുന്നത്.''
ഡോ. അംബേദ്കറെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നതാക്കി അണിനിരത്തുന്നത് അങ്ങേയറ്റം അനീതിയാണ്. വാസ്തവത്തില്‍, തന്റെ ജീവിതത്തിലുടനീളം അദ്ദേഹം ഹിന്ദുത്വയുടെയും മുസ്‌ലിം ലീഗിന്റെയും രാഷ്ട്രീയ സമീപനങ്ങളുടെ കടുത്ത എതിരാളിയായിരുന്നു. 'പാകിസ്താന്‍ അഥവാ ഇന്ത്യയുടെ വിഭജനം (1940)' എന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതി ഇന്ത്യയിലെ വര്‍ഗീയഘടകങ്ങളുടെ ഹീനപദ്ധതികള്‍ക്കെതിരേ ജീവിക്കുന്ന സാക്ഷ്യമാണ്. ഈ കൃതിയിലെ ഹിന്ദുത്വത്തെക്കുറിച്ച അദ്ദേഹത്തിന്റെ ആശയങ്ങളും മുന്നറിയിപ്പുകളും ഹിന്ദു വര്‍ഗീയശക്തികളുടെ പുനരുത്ഥാനം പ്രതിരോധിക്കുന്നതില്‍ നല്ല പങ്കുവഹിക്കും.
ഹിന്ദുത്വസംഘത്തിലെ ആര്‍എസ്എസ് ചിന്തകരെപ്പോലുള്ളവര്‍ നമ്മോട് പറയുന്നതില്‍നിന്നു വ്യത്യസ്തമായി ഡോ. അംബേദ്കര്‍ രേഖപ്പെടുത്തി: ''ഹിന്ദുരാഷ്ട്രം ഒരു യാഥാര്‍ഥ്യമായാല്‍, അത് ഈ രാജ്യത്തിന് ഏറ്റവും വലിയൊരു ദുരന്തമായിരിക്കുമെന്നതില്‍ സംശയമില്ല. ഹിന്ദുക്കള്‍ പറയുന്നത് എന്തുതന്നെയാവട്ടെ, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് ഹിന്ദുയിസം ഒരു ഭീഷണിയാണ്. അതു ജനാധിപത്യവുമായി ഒത്തുപോവില്ല. എന്തുവന്നാലും ഹിന്ദുരാഷ്ട്രത്തെ തടഞ്ഞേ പറ്റൂ.'' അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഹിന്ദുത്വവാദികളുടെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് എന്ന പ്രിയ മുദ്രാവാക്യം വെറും ധാര്‍ഷ്ട്യം മാത്രമല്ല, തികഞ്ഞ അസംബന്ധവുമാണ്.
സമാജത്തിന്റെ വിഭവങ്ങളുടെ മേല്‍ സ്വന്തം മേധാവിത്വം നിലനിര്‍ത്തുന്നതിനുവേണ്ടി ഉന്നതജാതി ഹിന്ദുക്കളുടെ ഒരു വിക്രിയ എന്നതല്ലാതെ ഹിന്ദുത്വ എന്നത് മറ്റൊന്നുമല്ലെന്ന ഉറച്ച അഭിപ്രായമാണ് അംബേദ്കറിനുണ്ടായിരുന്നത്. അവരെ മുസ്‌ലിം സാമുദായികവാദികളുമായി താരതമ്യം ചെയ്ത അദ്ദേഹം പറഞ്ഞു: ''ഈ രണ്ടു കക്ഷികളില്‍ ഏറ്റവും വിഷമംപിടിച്ചത് ഹിന്ദുക്കളാണ്. ഇതുസംബന്ധമായി ഉന്നത ജാതിക്കാരായ ഹൈന്ദവരുടെ മാത്രം പ്രതികരണമേ പരിഗണിക്കേണ്ടതുള്ളൂ. കാരണം, അവരാണ് സാമാന്യ ഹിന്ദുസമൂഹത്തെ മാര്‍ഗദര്‍ശനം ചെയ്യുന്നതും ഹിന്ദു അഭിപ്രായം രൂപീകരിക്കുന്നതും. നിര്‍ഭാഗ്യവശാല്‍, നേതാക്കള്‍ എന്ന നിലയില്‍ ഉന്നതജാതി ഹിന്ദുക്കള്‍ മോശമാണ്. പലപ്പോഴും ഹിന്ദുക്കളെ അത്യാപത്തിലേക്കു നയിക്കുന്നിടത്തോളമാണ് അവരുടെ സ്വഭാവരീതികള്‍. അവരുടെ സഹജമായ അത്യാര്‍ത്തിയും ജീവിതത്തിലെ നല്ല കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലുള്ള വൈമുഖ്യവും വഴി രൂപപ്പെടുന്നതാണ് ഈ സ്വഭാവം. വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും കുത്തക അവര്‍ക്കാണ്. ഈ സമ്പത്തും വിദ്യാഭ്യാസവും വഴി അവര്‍ രാഷ്ട്രം പിടിച്ചടക്കി. ഈ കുത്തക സ്വന്തമായി നിലനിര്‍ത്തുകയെന്നത് അവരുടെ ജീവിതത്തിലെ ലക്ഷ്യവും അഭിലാഷവുമാണ്. വര്‍ഗ മേല്‍ക്കോയ്മയുടെ ഈ സ്വാര്‍ഥ ആശയത്തില്‍ ആവേശംകൊണ്ട് സമ്പത്ത്, വിദ്യാഭ്യാസം, അധികാരം എന്നിവയില്‍നിന്നു താഴ്ന്നതട്ടിലുള്ള ഹൈന്ദവരെ മാറ്റിനിര്‍ത്തുന്നതിന് അവര്‍ എല്ലാ നീക്കവും നടത്തുന്നു. ഉന്നതജാതി ഹിന്ദുക്കള്‍ താഴ്ന്നജാതി ഹിന്ദുക്കളോടുള്ള ബന്ധത്തിലൂടെ സ്വന്തമാക്കിയ, വിദ്യാഭ്യാസം, സമ്പത്ത്, അധികാരം എന്നിവ സ്വയം സൂക്ഷിക്കാനും അതു പങ്കുവയ്ക്കാതിരിക്കാനുമുള്ള ഈ സമീപനം, മുസ്‌ലിംകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് അവരുടെ തേട്ടം. താഴ്ന്നജാതി ഹിന്ദുക്കളോട് അവര്‍ ചെയ്തതുപോലെ മുസ്‌ലിംകളെയും അധികാരത്തില്‍നിന്നും സ്ഥാനങ്ങളില്‍നിന്നും പുറന്തള്ളുകയാണ് അവരുടെ ആവശ്യം. ഉന്നതജാതി ഹിന്ദുക്കളുടെ ഈ സ്വഭാവവിശേഷമാണ് അവരുടെ രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള താക്കോല്‍.''
മതേതര ഇന്ത്യയുടെ നേതാവും പോരാളിയുമെന്ന നിലയില്‍ അംബേദ്കര്‍ ഹിന്ദുത്വയുടെയും മുസ്‌ലിംലീഗിന്റെയും പതാകാവാഹകര്‍ക്കു നേരെ വിവേചനം കാണിച്ചില്ല. ഇന്ത്യയെ നശിപ്പിക്കുന്നതിന് തുനിഞ്ഞിറങ്ങിയ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി അദ്ദേഹം അവരെ കരുതി. അദ്ദേഹം എഴുതി: ''പ്രത്യക്ഷത്തില്‍ വളരെ വിചിത്രമെന്നു തോന്നാം. ഒരു രാഷ്ട്രമോ രണ്ടു രാഷ്ട്രമോ എന്ന പ്രശ്‌നത്തില്‍ സവര്‍ക്കറും ജിന്നയും പരസ്പരം എതിര്‍ക്കുന്നതിനു പകരം സമ്പൂര്‍ണ യോജിപ്പിലാണ്. ഇരുവരും സമ്മതിക്കുന്നു, സമ്മതിക്കുക മാത്രമല്ല, ഇന്ത്യയില്‍ രണ്ടു രാഷ്ട്രങ്ങളുണ്ടെന്ന് ശാഠ്യം പിടിക്കുന്നു- ഒന്ന് മുസ്‌ലിം രാഷ്ട്രവും മറ്റേത് ഹിന്ദുരാഷ്ട്രവും.''
ബാബാ സാഹബ് തന്റെ വാക്കുകള്‍ ഒട്ടും മയപ്പെടുത്താതെ എഴുതി: ''സവര്‍ക്കറുടെ സമീപനം വിചിത്രമാണ്. അല്ലെങ്കില്‍ യുക്തിരഹിതമാണ്. മുസ്‌ലിംകള്‍ ഒരു പ്രത്യേക രാഷ്ട്രമാണെന്ന് സവര്‍ക്കര്‍ സമ്മതിക്കുന്നു. അവര്‍ക്ക് സാംസ്‌കാരിക സ്വയംഭരണത്തിന് അവകാശമുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. അവര്‍ക്ക് സ്വന്തമായി ഒരു ദേശീയപതാക ആവാമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നിട്ടും പ്രത്യേക മുസ്‌ലിംരാഷ്ട്രത്തിനു വേണ്ടിയുള്ള ആവശ്യം അദ്ദേഹം എതിര്‍ക്കുന്നു. ഹിന്ദു ദേശീയതയ്ക്കായി ഒരു രാഷ്ട്രം അദ്ദേഹം അവകാശപ്പെടുന്നുവെങ്കില്‍ സ്വന്തമായ ഒരു ദേശീയഭവനത്തിനായുള്ള മുസ്‌ലിം ദേശീയതയുടെ അവകാശവാദം നിരാകരിക്കാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധ്യമാവുക?''
ന്യൂനപക്ഷങ്ങളുടെ നേരെയുള്ള ഹിന്ദുത്വത്തിന്റെ യഥാര്‍ഥ പദ്ധതികളെക്കുറിച്ച് ഡോ. അംബേദ്കര്‍ വ്യക്തമായും ബോധവാനായിരുന്നു. പരസ്പര ബഹുമാനത്തോടെയും യോജിപ്പോടെയും പങ്കാളികളായി ജീവിക്കാന്‍ മുസ്‌ലിംകളെയും ഹിന്ദുക്കളെയും അനുവദിച്ചാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍, അതുണ്ടാവില്ല. കാരണം, ഹിന്ദുരാഷ്ട്രത്തിന്റെ തുല്യമായ അധികാരത്തില്‍ മുസ്‌ലിംരാഷ്ട്രത്തെ സവര്‍ക്കര്‍ അനുവദിക്കില്ല. അദ്ദേഹത്തിനു വേണ്ടത് ഹിന്ദുരാഷ്ട്രം മേധാവിത്വം പുലര്‍ത്തണം, മുസ്‌ലിംരാഷ്ട്രം കീഴൊതുങ്ങുന്നതാവണം- അദ്ദേഹം എഴുതി.
ഹിന്ദു ഭരണവും മുസ്‌ലിം ഭരണവും യാഥാര്‍ഥ്യമാവുന്ന അപകടം ഒഴിവാക്കുന്നതിന് യഥാര്‍ഥ മതേതരവാദിയെന്ന നിലയില്‍ അംബേദ്കര്‍ നിലകൊണ്ടത് സാമൂഹിക-സാമ്പത്തിക പുനരുത്ഥാനത്തിന് അംഗീകൃതമായ പരിപാടികള്‍ അടിസ്ഥാനപ്പെടുത്തി മിശ്രരാഷ്ട്രീയകക്ഷികള്‍ രൂപീകരിക്കുന്നതിനായാണ്. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ചേര്‍ന്നുള്ള ഒരു രാഷ്ട്രീയകക്ഷിയുടെ രൂപീകരണം ഇന്ത്യയില്‍ പ്രയാസകരമാവരുത്. ഹിന്ദുസമാജത്തില്‍ താഴേത്തട്ടുകളില്‍ നിരവധിപേരുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ആവശ്യങ്ങള്‍ ഭൂരിപക്ഷം മുസ്‌ലിംകളുടേതിനു തുല്യമാണ്. നൂറ്റാണ്ടുകളായി തങ്ങളുടെ സാധാരണ മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുകയും തടയുകയും ചെയ്ത ഉന്നതജാതി ഹിന്ദുക്കളോടുള്ളതിലേറെ, അവര്‍ മുസ്‌ലിംകളോട് യോജിപ്പോടെ പൊതുലക്ഷ്യം കണ്ടെത്തുന്നതില്‍ തയ്യാറായിരിക്കും.
പ്രഥമ കേന്ദ്ര നിയമമന്ത്രിയായിരുന്ന ഡോ. അംബേദ്കര്‍ സ്വത്തിലും ലിംഗസമത്വത്തിലും ഹിന്ദുസ്ത്രീകള്‍ക്ക് പങ്കാളിത്തം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദു കോഡ് ബില്ല് തയ്യാറാക്കിയിരുന്നു. ഇതിനെ എതിര്‍ത്തുള്ള ഹിന്ദുത്വസംഘടനകളുടെ അതിശക്തമായ പ്രചാരവേലയെ തുടര്‍ന്നാണ് 1951ല്‍ അദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.
ബാബാ സാഹബിന്റെ സമത്വ അജണ്ടയോടും അതിശക്തമായ ഹിന്ദുത്വവിരുദ്ധ ആശയങ്ങളോടും അങ്ങേയറ്റത്തെ വെറുപ്പുള്ളവരാണ് ഹിന്ദുത്വസംഘം. പിന്നെ എന്തുകൊണ്ടായിരിക്കും ഡോ. അംബേദ്കറുടെ പൈതൃകത്തെക്കുറിച്ച് ആര്‍എസ്എസ് കള്ളംപറയുന്നത്? രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ തങ്ങള്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്നതാണ് ആര്‍എസ്എസിന്റെ പ്രശ്‌നം. ഇന്നത്തെ രാഷ്ട്രീയ ഔന്നത്യത്തിന്റെ ഘട്ടത്തില്‍ അവര്‍ മഹത്തായ സ്വാതന്ത്ര്യ പോരാട്ടത്തിലും ആ ധീരമായ പാരമ്പര്യത്തിലും തങ്ങളും പങ്കാളിയായിരുന്നുവെന്നു കാണിക്കേണ്ട നല്ല സമ്മര്‍ദ്ദത്തിലാണ്.
മറ്റൊരു കാരണത്താലും അവര്‍ക്ക് ഡോ. അംബേദ്കറെ ആവശ്യമുണ്ട്. ആഗോളവല്‍ക്കരണത്തെക്കുറിച്ച് അവര്‍ തുടര്‍ന്നിരുന്ന കബളിപ്പിക്കല്‍ കളി. പ്രിയങ്കരരായ സ്വയംസേവകര്‍ നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടം ആഗോളവല്‍ക്കരണത്തിന്റെ, വിദേശശക്തികളുടെ യഥാര്‍ഥ ശിങ്കിടികളായാണു പ്രവര്‍ത്തിക്കുന്നത്. ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നീ പ്രക്രിയകളുടെ ഏറ്റവും മോശമായ ഇരകള്‍ ഈ രാജ്യത്തെ ദലിതുകളാണ്. തൊഴിലുകളും വീടുകളും മറ്റ് ജീവിതായോധനമാര്‍ഗങ്ങളും നഷ്ടമായത് മുഖ്യമായും അവര്‍ക്കാണ്. ഡോ. അംബേദ്കറോടുള്ള പ്രേമത്തിന്റെ പരസ്യമായ മുഖം സൃഷ്ടിച്ച് തങ്ങളുടെ യഥാര്‍ഥ ജനവിരുദ്ധ മുഖം മറച്ചുപിടിക്കാനാണ് ഹിന്ദുത്വ ഭരണാധികാരികളുടെ നിലവിലുള്ള ഗണം ശ്രമിക്കുന്നത്.
ഹിന്ദുത്വനേതാക്കള്‍ ബാബാ സാഹബിനെയും ദലിത് വികാരങ്ങളെയും എത്രമാത്രം ആദരിക്കുന്നുവെന്ന് ഡോ. അംബേദ്കറുടെ 125ാം ജന്മവാര്‍ഷിക നാളിന്റെ തലേന്നു വ്യക്തമായി. ഹരിയാനയിലെ ആര്‍എസ്എസ്, ബിജെപി ഭരണാധികാരികള്‍ മുഖ്യനഗരമായ ഗുര്‍ഗാവിന്റെ പേര് ഗുരുഗ്രാം എന്നു മാറ്റാന്‍ തീരുമാനിച്ചു.
മഹാഭാരതഘട്ടത്തില്‍ ഗുരു ദ്രോണാചാര്യരുടെ വാസസ്ഥാനമായിരുന്നു ഈ പ്രദേശമെന്നും അദ്ദേഹത്തെ ബഹുമാനിക്കാനാണ് പേരുമാറ്റമെന്നുമുള്ള വാദത്തില്‍ ഈ മാറ്റം ന്യായീകരിക്കുകയും ചെയ്തു. ദലിത് ബിംബമായ ഡോ. ഭീം റാവു അംബേദ്കറിന് തന്റെ 125ാം ജന്മവാര്‍ഷികത്തില്‍ ഇതിലും മോശമായ ഒരു അപമാനം വരാനില്ല. ഗുരുദക്ഷിണയായി പെരുവിരല്‍ ചോദിച്ച്, താഴ്ന്ന ജാതിക്കാരനായ അമ്പെയ്ത്ത് വിദഗ്ധന്‍ ഏകലവ്യന്റെ പെരുവിരല്‍ ഉന്നതജാതിക്കാരായ കൗരവരും പാണ്ഡവരുമായ വിദ്യാര്‍ഥികളുമായി അവന് മല്‍സരിക്കാനാവാത്ത നിലയില്‍ ചതിയിലൂടെ കവര്‍ന്ന ഗുരുവാണ് ദ്രോണാചാര്യ.
ഡോ. അംബേദ്കറുടെ ജന്മദിനത്തില്‍ തന്നെ ദലിത് വികാരങ്ങളോടുള്ള ആര്‍എസ്എസ്-ബിജെപി ഭരണാധികാരികളുടെ നിര്‍ലജ്ജമായ നിര്‍വികാരതയാണ് ഈ പ്രഖ്യാപനം കാണിക്കുന്നത്. കാപട്യത്തില്‍ ഹിന്ദുത്വസംഘത്തെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഇത് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. ി

(ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു ശംസുല്‍ ഇസ്‌ലാം.)
പരിഭാഷ: പി എ എം ഹാരിസ്‌
Next Story

RELATED STORIES

Share it