World

ഹിജ്‌റ കലണ്ടര്‍: ഇസ്താംബൂള്‍ സമ്മേളനത്തില്‍ യോജിപ്പ്

ഇസ്താംബൂള്‍: മുസ്‌ലിം ലോകത്ത് പൊതുവില്‍ സ്വീകാര്യമായ ഒരു ചന്ദ്രവര്‍ഷ കലണ്ടര്‍ ഉണ്ടാക്കുന്നതില്‍ അന്താരാഷ്ട്ര ഹിജ്‌റ കലണ്ടര്‍ സമ്മേളനത്തില്‍ യോജിപ്പ്. തുര്‍ക്കി മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാരാണ് മാസപ്പിറവി സംബന്ധിച്ച തര്‍ക്കം ഒഴിവാക്കുന്നതിനും കലണ്ടര്‍ ഏകോപിപ്പിക്കുന്നതിനും സമവായത്തിലെത്തിയത്.
കലണ്ടര്‍ സംബന്ധിച്ച് 60 വര്‍ഷമായി നടക്കുന്ന വിവാദത്തിന് ഇതോടെ അന്ത്യമാവുമെന്നു തുര്‍ക്കി മതകാര്യ വകുപ്പ് മേധാവി മുഹമ്മദ് ഗോര്‍മെസ് പ്രത്യാശ പ്രകടിപ്പിച്ചു. 1979ല്‍ കലണ്ടര്‍ സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം നടന്ന ശേഷം ഇതാദ്യമായാണ് ഈ വിഷയത്തില്‍ ഏകോപിച്ച അഭിപ്രായം ഉയര്‍ന്നുവന്നത്. 1929ല്‍ എല്ലായിടത്തും ഒരു കലണ്ടര്‍ എന്ന ആശയത്തില്‍ പണ്ഡിതന്‍മാര്‍ യോജിച്ചിരുന്നുവെങ്കിലും പല തര്‍ക്കങ്ങളും ഉയര്‍ന്നുവന്നതിനെത്തുടര്‍ന്നു പദ്ധതി നടപ്പായില്ല. ജ്യോതിശ്ശാസ്ത്ര-ഗണിതശാസ്ത്ര മേഖലയിലെ പണ്ഡിതന്‍മാരും ഇസ്‌ലാമിക കര്‍മശാസ്ത്ര വിദഗ്ധരും കഴിഞ്ഞ മൂന്നുവര്‍ഷമായി കലണ്ടര്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചു ഗവേഷണം നടത്തിവരുകയായിരുന്നു.
ഇസ്താംബൂള്‍ സമ്മേളനത്തില്‍ ഉത്തരാര്‍ധഗോളത്തില്‍ ഒന്ന്, ദക്ഷിണാര്‍ധഗോളത്തില്‍ മറ്റൊരു കലണ്ടര്‍ എന്ന നിര്‍ദേശം വന്നുവെങ്കിലും അവസാനം ഒരു കലണ്ടര്‍ എന്ന നിര്‍ദേശത്തിനാണ് കൂടുതല്‍ വോട്ടു കിട്ടിയത്. സമ്മേളനത്തിന്റെ ശുപാര്‍ശ ഒഐസിക്ക് കൈമാറുമെന്ന് ഗോര്‍മെസ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലും ഒരേദിവസം റമദാന്‍ നോമ്പ് തുടങ്ങാനും പെരുന്നാള്‍ ആഘോഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഗോര്‍മെസ് വ്യക്തമാക്കി. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ രാഷ്ട്രങ്ങളില്‍ ഒഴിവുദിനങ്ങള്‍ നിശ്ചയിക്കുന്നതിനു കലണ്ടര്‍ സഹായകമാവും.
ഖത്തറില്‍ നിന്നുള്ള ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്‍ പ്രഫ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, യുഎഇയില്‍ നിന്നു ജ്യോതിശ്ശാസ്ത്രജ്ഞന്‍ മുഹമ്മദ് ശൗഖത്ത് ഔദ എന്നിവരാണ് കലണ്ടര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it