ഹിംസയുടെ രൂപഭാവഭേദങ്ങള്‍

എം ലീലാവതി

1993 ജൂണ്‍ ആദ്യവാരത്തില്‍ ചൈനയിലെ കുപ്രസിദ്ധമായ ടിയാനന്‍മെന്‍ സ്‌ക്വയറിനടുത്തുള്ള ഒരു ഹോട്ടലിലെ അതിഥികളില്‍ ഇന്ത്യയില്‍നിന്ന് ചെന്ന ഒരു ഗണം സാഹിത്യരചയിതാക്കളുണ്ടായിരുന്നു. സാംസ്‌കാരിക വിനിമയ പരിപാടിയനുസരിച്ചാണു സാഹിത്യ അക്കാദമിയിലെ അംഗങ്ങളായ അവര്‍ അവിടെ എത്തിയത്. 4ാം തിയ്യതി സ്‌ക്വയറിന് സമീപത്തുള്ള റോഡുകളില്‍ പോലിസുകാരുടെ ഒരു പെരുനിര ഓരോ മീറ്ററിലും കുറ്റികള്‍ നാട്ടിയപോലെ തോക്കും പിടിച്ചു നില്‍ക്കുന്ന കാഴ്ച ആരിലും ഭീതിയും അമ്പരപ്പുമുണ്ടാക്കുന്നതായിരുന്നു. സ്‌ക്വയറില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുനിന്ന കൗമാരപ്രായക്കാരിലേക്ക് ഇരമ്പിക്കുതിച്ചു ചെന്ന ടാങ്കുകള്‍ അവരെ ചതച്ചരച്ചത് ഒരു ജൂണ്‍ 4ാം തിയ്യതി ആയിരുന്നല്ലോ. ആ ദാരുണ സംഭവത്തിന്റെ സ്മരണ തരുണമനസ്സുകളില്‍ അരുണമായ അഗാമ്യജ്വാല പടര്‍ത്തിയേക്കുമെന്ന് അധികാരികള്‍ ആശങ്കിച്ചിരുന്നിരിക്കണം. അത്രവലിയ മുന്‍കരുതലിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാവതല്ല.
വിദൂരതയിലെ ചൈനാ ചത്വരത്തില്‍ നടന്ന ആ ഭീകര സംഭവം- യുദ്ധസജ്ജമായ ടാങ്കുകള്‍ നിരായുധരായ കുമാരന്മാരുടെ ഉടലുകളിലേക്കു ചീറിപ്പാഞ്ഞുകയറുമെന്ന മുന്നറിയിപ്പുകള്‍ കേട്ടിട്ടും വിശ്വസിക്കാതിരിക്കാനുള്ള ആര്‍ജവമായ, നിഷ്‌കളങ്കതയോ ധീരതയോ ഉണ്ടായിരുന്ന കുട്ടികളെ ചതച്ചരച്ച സംഭവം- ഇന്ത്യയുള്‍പ്പെടെയുള്ള അന്യരാജ്യങ്ങളില്‍ ഇരമ്പുന്ന പ്രതിഷേധക്കടല്‍ത്തിരമാലകളെ വിജൃംഭിച്ചു. എറണാകുളത്ത് കലൂരിലെ ആര്‍ദശഭവനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗകരുടെ ഗണത്തില്‍ ഞാനുമുണ്ടായിരുന്നു. ഒന്നിലേറെ സന്തതികള്‍ ഉണ്ടായിക്കൂടെന്ന നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്ന ചൈനയിലെ ജനയിതാക്കള്‍ക്കെല്ലാം ഒറ്റക്കുഞ്ഞിനെയായിരിക്കുമല്ലോ അന്നു നഷ്ടപ്പെട്ടിരിക്കുക. ആ അമ്മമാരുടെ തോരാകണ്ണീരിനെപ്പറ്റി വികാരഭരിതയായി ഞാന്‍ പ്രസംഗിക്കുകയുണ്ടായി. തൊട്ടുപിറകെ പ്രസംഗിച്ച മാര്‍ക്‌സിസ്റ്റ് നേതാവ് അമ്മമാരുടെ കണ്ണൂനീര്‍ തുടയ്ക്കുകയല്ല മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ഏറ്റെടുത്തിട്ടുള്ള കര്‍മപരിപാടിയെന്ന് എനിക്ക് 'ചുട്ട' മറുപടി നല്‍കിയതോര്‍ക്കുന്നു. (അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പേരുപറയുന്നത് അപ്രസക്തവുമാണല്ലോ). വേണ്ടിവന്നാല്‍ നിഷ്ഠുരമായ ഹിംസാമാര്‍ഗങ്ങളിലൂടെ, അതായത് രക്തച്ചൊരിച്ചിലിലൂടെ തന്നെ വിപ്ലവം സാക്ഷാല്‍ക്കരിക്കണമെന്ന് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം അനുശാസിക്കുന്നുണ്ടെന്നുതന്നെയാണ് അദ്ദേഹം നിശ്ശങ്കമായി വ്യക്തമാക്കിയത്.
ബുള്ളറ്റിലൂടെയല്ലാതെ ബാലറ്റിലൂടെ സമത്വസുന്ദരമായ സാമൂഹികവ്യവസ്ഥിതി സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമാണെന്ന വിശ്വാസം പാര്‍ലമെന്ററി ജനാധിപത്യമെന്ന ആശയത്തെയും അതിലേക്കുള്ള തിരഞ്ഞെടുപ്പ് എന്ന മാര്‍ഗത്തെയും അംഗീകരിക്കുന്നവര്‍ക്ക് ഉണ്ടായേ മതിയാവൂ. രക്തരൂഷിതമായ ഹിംസാമാര്‍ഗത്തെ നിരാകരിക്കുന്നു എന്ന അര്‍ഥം തിരഞ്ഞെടുപ്പ് പ്രക്രിയയെ അംഗീകരിക്കുന്നു എന്നതിനുണ്ട്. അതിനാല്‍ കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും വഴിയിലേക്കു പ്രവേശിക്കുന്നതോടെ, കൊലക്കത്തിരാഷ്ട്രീയം വെടിയാന്‍ ചുമതലപ്പെട്ടവരാണ് എല്ലാവരും. എന്നാല്‍, ഒരു കക്ഷിക്കും ഈ അവബോധമില്ല എന്ന അവസ്ഥയാണിപ്പോള്‍. അന്യകക്ഷികളില്‍പ്പെട്ടവരെയും സ്വകക്ഷിയിലെ വിമതരെയും വെട്ടിനുറുക്കാന്‍ ആര്‍ക്കും ഒരുവക കൈയറപ്പുമില്ലെന്നു വന്നിരിക്കുന്നു. ഇറച്ചിക്കച്ചവടക്കാരന്‍ മൃഗങ്ങളെയെന്നപോലെ എന്ന ഉപമപോലും പോരാ; വിറകുകച്ചവടക്കാരന്‍ പച്ചമരങ്ങളെ വെട്ടിക്കീറുന്നതുപോലെയുള്ള നിര്‍വികാരത മനുഷ്യമനസ്സിനെ ബാധിച്ചിരിക്കുന്നു. പെറ്റമ്മയുടെ മുന്നിലിട്ട് അരുമമക്കളെയും പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അധ്യാപകരെയും കൊത്തിനുറുക്കാന്‍ ശങ്ക ഏതുമില്ല. ഇന്നലെ വരെ കൂടെക്കിടന്ന ഉറ്റമിത്രങ്ങളുടെ ചങ്കിലേക്കു കത്തി കുത്തിയാഴ്ത്താന്‍ ഇന്ന് ഒരു കൈവിറയും ഇല്ല. വഴിമാറി നടക്കാന്‍ ഇന്നലത്തെ അനുയായികള്‍ മുതിര്‍ന്നാല്‍, ഇന്നത്തെ പിന്താങ്ങികളെക്കൊണ്ടോ വാടകക്കൊലത്തൊഴിലാളികളെക്കൊണ്ടോ പട്ടാപ്പകല്‍ വെട്ടിനുറുക്കിക്കാന്‍ നേതാക്കള്‍ക്ക് ഒരു ഉള്‍ക്കുത്തുമില്ല. വേണമെന്നുവച്ചാല്‍ എങ്ങനെ കൊലനടത്തണമെന്നു ഞങ്ങള്‍ക്കറിയാമെന്നു നടത്തിയ കൊലകളെ പരസ്യമായി എണ്ണിയെണ്ണി പറയുമ്പോള്‍ നീതിപാലകരെപ്പോലും ശങ്കയില്ല. കൊലകള്‍ക്കു ദൃക്‌സാക്ഷികളും അനിഷേധ്യമായ മറ്റു തെളിവുകളുമുണ്ടായാല്‍ കൊലക്കയര്‍ വിധിക്കപ്പെടുന്നതു സുനിശ്ചിതമാണെന്ന ഭയംപോലും ആരെയും നിഷ്ഠുര കര്‍മത്തില്‍നിന്നു പിന്തിരിപ്പിക്കുന്നില്ല. കുറ്റം ചെയ്തവരെ മറവില്‍ നിര്‍ത്തി സംരക്ഷിച്ചു മറ്റു ചിലരെ പകരക്കാരാക്കി കേസുകള്‍ തേച്ചുമാച്ചുകളയാനുള്ള ഉദ്യമങ്ങളും നടക്കുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അതിലുമില്ല സംവിധായകര്‍ക്ക് ഉള്‍ക്കുത്ത്. ഇത്തരം വേലകള്‍ ഏതെങ്കിലുമൊരു കക്ഷിയുടെ മാത്രം കര്‍മപരിപാടിയല്ല.
രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന അരുംകൊലകള്‍ മാത്രമല്ല ഹിംസയുടെ രാക്ഷസീയ രൂപങ്ങള്‍. എടുത്ത കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത പാവപ്പെട്ട കര്‍ഷകരെ കടംകൊടുത്ത ബാങ്കുകള്‍ വേട്ടയാടുമ്പോള്‍ സ്വയം കൊലചെയ്യുന്ന ആ നിസ്സഹായര്‍ രാഷ്ട്രം നടത്തുന്ന ക്രൂരഹിംസയുടെ ഇരകളാണ്. പ്രലോഭിപ്പിച്ചു പണം കൊടുത്ത് കര്‍ഷകരെക്കൊണ്ടു കൃഷിചെയ്യിപ്പിച്ച് ഉല്‍പാദിപ്പിക്കുന്നതെന്തും തിന്നുതീര്‍ക്കുന്നതു കൈനിറയെ പണം വാരുന്ന നാഗരികരായ മെയ്യനങ്ങാപ്പയ്യന്‍മാരാണ്. മണ്ണില്‍ മെയ്യുരുക്കി പണിത കര്‍ഷകന്‍ കടം പെരുത്ത് വീര്‍പ്പുമുട്ടി നിമിഷംതോറും മരിക്കുന്നതിനെക്കാള്‍ ഭേദം ഒരൊറ്റ നിമിഷത്തില്‍ വീര്‍പ്പൊഴുക്കി സ്വയം ഒടുങ്ങുന്നതാണെന്ന നിശ്ചയത്തിലേക്കെടുത്തെറിയപ്പെടുന്നു. വിശപ്പ് എന്തെന്നറിയാതെ വാഴുന്നവര്‍ക്കെല്ലാം ഈ കൊടിയ ഹിംസയില്‍ പങ്കുണ്ടെന്ന് ആരും തിരിച്ചറിയുന്നില്ല. ബാങ്കുകളില്‍നിന്ന് അസംഖ്യം കോടി കടമെടുത്തു തിരിച്ചടയ്ക്കാതെ വിലസുന്ന വന്‍വ്യവസായികളിലാരും ആത്മഹത്യ ചെയ്യേണ്ടിവരത്തക്കവണ്ണം വേട്ടയാടപ്പെടുന്നില്ല. ഒരു രോമത്തിനുപോലും പരിക്കുപറ്റാതെ വാഴുന്നു.
ബാലവേല നിയമപ്രകാരം നിരോധിച്ചിട്ടുള്ള നാടാണ് നമ്മുടെത്. എന്നാല്‍, 14നു താഴെയുള്ള കോടിക്കണക്കിനു കുട്ടികള്‍ കഠിനവേല ചെയ്യുന്നുണ്ട്. ഖനികളില്‍, സ്ലേറ്റുപാറമടകളില്‍, വെടിക്കെട്ടുനിര്‍മാണശാലകളില്‍, വസ്ത്രം, പരവതാനി മുതലായവ നിര്‍മിക്കുന്ന വ്യവസായശാലകളില്‍, റോഡ്, കെട്ടിടം മുതലായവയുടെ നിര്‍മാണത്തില്‍, കൃഷിപ്പണിയില്‍, ഹോട്ടല്‍ വ്യവസായമേഖലയില്‍... ഇങ്ങനെയെത്രയെത്ര തൊഴില്‍രംഗങ്ങളില്‍ തങ്ങളുടെയും മറ്റു കുടുംബാംഗങ്ങളുടെയും വിശപ്പടക്കാന്‍ വേണ്ടി ബാലകര്‍ വേലയെടുക്കുന്നു. വോട്ടില്ലാത്ത ബാലകരോടു ചെയ്യുന്ന ഈ ഹിംസയ്ക്കു പരിഹാരം ഒരു കക്ഷിയുടെയും മാനിഫെസ്റ്റോയിലുള്ള മോഹന വാഗ്ദാനങ്ങളില്‍പോലും പെടുന്നില്ല.
പ്രതിശീര്‍ഷവരുമാനത്തിന്റെ അളവുകോല്‍ കൊണ്ടാണ് രാജ്യത്തിന്റെ അഭിവൃദ്ധിയും തിളക്കവും അളക്കുന്നത്. രണ്ട് ഉറുപ്പികപോലും പ്രതിദിനവരുമാനമില്ലാത്തവനും രണ്ടു കോടി പ്രതിദിനവരുമാനമുള്ളവനും ശരാശരി കണക്കുകൊണ്ട് നിരപ്പാക്കപ്പെടുന്നു. 'നുണകളുണ്ട്; കല്ലുവച്ച നുണകളുണ്ട്. പിന്നെ ശരാശരി കണക്കും' എന്ന ചൊല്ല് വെറുതെ ഉണ്ടായതല്ല. മധ്യത്തില്‍ മുപ്പതടിയും തീരത്തോടടുത്ത് മൂന്നംഗുലവും ആഴമുള്ള ഒഴുക്കിന്റെ ശരാശരി എടുത്ത് മൂന്നടിയാണ് പുഴയുടെ ശരാശരി ആഴം എന്നു പറയുംപോലുള്ള കള്ളംകൊണ്ട് കളിക്കാന്‍ കണക്കിനു കഴിയും. വിശ്വസിച്ച് ഇറങ്ങി നടക്കുന്നവര്‍ നടു പുഴയില്‍ മുങ്ങിത്താഴും. പിന്നെ പൊങ്ങാന്‍ ഏറെ നേരം കഴിയും. പ്രതിശീര്‍ഷ വരുമാനക്കണക്കിന്റെ തിളക്കം ഹിംസയാവുന്നത് അപ്രകാരമാണ്. അഞ്ചു വയസ്സിനു താഴെയുള്ള പന്ത്രണ്ടരക്കോടി കുഞ്ഞുങ്ങളില്‍ രണ്ടരക്കോടി അഞ്ചെത്തുംമുമ്പ് കൊഴിഞ്ഞുപോവുകയും ആറരക്കോടി പോഷകാഹാരമില്ലാതെ വളര്‍ച്ച മുരടിച്ചുപോവുകയും ചെയ്യുമ്പോള്‍ ശേഷിക്കുന്ന മൂന്നരക്കോടിയിലൊരു ഭാഗമാണ് പിന്നീട് ഇന്ത്യയെ തിളക്കുന്ന പ്രതിഭാശാലികളായി വിദേശത്ത് എത്തുന്നത്. ഒമ്പതു കോടിക്കെതിരേയുള്ള ഹിംസയിലാണ് അതിന്റെ മൂന്നിലൊന്ന് തഴച്ചുവളരുന്നത്. ഇത്തരം അവസ്ഥാവിശേഷങ്ങളും രാഷ്ര്ടീയഹിംസയുടെ പ്രകാരഭേദങ്ങള്‍ തന്നെ. അരുംകൊലകളുടെ അതിരില്ലാപ്പരപ്പ്.

കടപ്പാട്: ജനശക്തി 2016 മെയ് 1-15
Next Story

RELATED STORIES

Share it