wayanad local

ഹാരിസണ്‍ മലയാളം; ഭൂമി ഏറ്റെടുക്കല്‍ സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം ജില്ലയില്‍ പരിശോധന നടത്തി

കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസറും എറണാകുളം ജില്ലാ കലക്ടറുമായ എന്‍ ജി രാജമാണിക്യം ജില്ലയില്‍ സന്ദര്‍ശനം നടത്തി.
ഹാരിസണ്‍ കൈവശംവയ്ക്കുന്ന തര്‍ക്കഭൂമികള്‍ രാജമാണിക്യം പരിശോധിക്കുകയും ജില്ലാ കലക്ടറുമായും മറ്റ് റവന്യൂ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഹാരിസണ്‍ ജില്ലയിലെ എട്ടു വില്ലേജുകളിലാണ് ഭൂമി കൈവശം വയ്ക്കുന്നത്. ഇതുള്‍പ്പെടെ എട്ടു ജില്ലകളിലായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നത് അനധികൃതമായിട്ടാണെന്നു വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പിടിച്ചെടുക്കുന്നതിനാണ് സ്‌പെഷ്യല്‍ ഓഫിസറായി രാജമാണിക്യത്തെ നിയോഗിച്ചത്.
മൂപ്പൈനാട്, വെള്ളാര്‍മല, ചുണ്ടേല്‍, കോട്ടപ്പടി, തൃക്കൈപ്പറ്റ, അച്ചൂരാനം, പൊഴുതന, നെന്‍മേനി വില്ലേജുകളില്‍ ഹാരിസണ്‍ മലയാളം കൈവശം വയ്ക്കുന്ന ഭൂമിയാണ് സ്‌പെഷ്യല്‍ ഓഫിസര്‍ പരിശോധിച്ചത്. ഈ ഭൂമിയുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ വില്ലേജ് ഓഫിസുകളിലെ ബിടിആര്‍ അടക്കമുള്ള രജിസ്റ്ററുകളും ഭൂമിക്ക് അവകാശമുന്നയിച്ച് എച്ച്എംഎല്‍ നല്‍കിയ രേഖകളും അദ്ദേഹം പരിശോധിച്ചു. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ തര്‍ക്കത്തിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നു കഴിഞ്ഞ വര്‍ഷം രാജമാണിക്യം നിര്‍ദേശിച്ചിരുന്നു. ഹാരിസന്‍ കമ്പനി അവകാശവാദം ഉന്നയിച്ചിട്ടുള്ളതും ചെറുകിടക്കാര്‍ കൈവശം വയ്ക്കുന്നതുമായ ഭൂമിയുടെ നികുതി സ്വീകരിക്കുന്നതാണ് 2014 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തിയത്. സര്‍ക്കാര്‍ നടപടികള്‍ ചോദ്യംചെയ്ത് ഹാരിസണ്‍ ഹരജികള്‍ സമര്‍പ്പിച്ചെങ്കിലും ഇടയ്ക്ക് ഭൂമി പിടിച്ചെടുക്കുന്നതിന് സര്‍ക്കാരിന് തടസ്സമില്ലെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നൂ. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ഹാരിസണ്‍ മലയാളം കമ്പനി കോടതിയെ സമീപിച്ചു. ഈ കേസില്‍ തീര്‍പ്പായിട്ടില്ല. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നു രാജമാണിക്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, വിദേശ കമ്പനിയായ ഹാരിസണ്‍ മലയാളം അനുമതിയില്ലാതെ ഇന്ത്യയില്‍ ഭൂമി കൈവശംവച്ച് കച്ചവടം നടത്തുന്നതു പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നു ഹൈക്കോടതി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. വിദേശ നാണയ നിയന്ത്രണ നിയമം (ഫെറ), കേരള ഭൂപരിഷ്‌കരണ നിയമം എന്നിവയനുസരിച്ച് കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് സാധുതയില്ലെന്നും ജസ്റ്റിസ് പി വി ആശ നിരീക്ഷിച്ചു. ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹരജികള്‍ ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി 2013 ഫെബ്രുവരി 28ന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇതുപ്രകാരം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഹാരിസണ്‍ കൈവശംവയ്ക്കുന്ന ഭൂമികളുടെ പരിശോധന പൂര്‍ത്തിയാക്കി. ഈ ജില്ലകളിലെ 30,000 ഏക്കറോളം ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനായി കെഎല്‍സി ആക്റ്റ് സെക്ഷന്‍ 12 പ്രകാരം ഫോറം ബി നോട്ടീസ് സ്‌പെഷ്യല്‍ ഓഫിസര്‍ കമ്പനിക്ക് നല്‍കിയിരുന്നു. ഇനി വയനാട് അടക്കം ബാക്കിയുള്ള ജില്ലകളിലും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ബാക്കിയുണ്ട്.
Next Story

RELATED STORIES

Share it