palakkad local

ഹാരിസണ്‍ മലയാളം പരാതികള്‍ ഒത്തുതീര്‍പ്പായി

തൃശൂര്‍: ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴിലെ പാലപ്പിളളി കുണ്ടായ് എസ്റ്റേറ്റില്‍ താല്‍ക്കാലിക തൊഴിലാളികളെ കമ്പനി ചൂഷണത്തിനും പീഡനത്തിനും ഇരയാക്കുന്നുവെന്ന പരാതിയിന്‍മേല്‍ ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ ഒത്ത്തീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുമെന്നും ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ച് പൂര്‍ത്തിയാക്കുമെന്നും കമ്പനി പ്രതിനിധികളും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറും കമ്മീഷനെ അറിയിച്ചു.  എസ്റ്റേറ്റിലെ 340 സ്ഥിരം തൊഴിലാളികളില്‍ 60 ശതമാനം മുസ്്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇവിടെ ന്യൂനപക്ഷ പീഡനം നടക്കുന്നുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും സ്ഥലം പരിശോധിച്ച പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  ഒഴിവുകള്‍ വരുന്ന മുറയ്ക്ക് മുന്‍ഗണന ക്രമത്തില്‍ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളാക്കുമെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗില്‍ 20 പരാതികളാണ് പരിഗണിച്ചത്.  ഇതില്‍ 2 എണ്ണം തീര്‍പ്പാക്കി.  അഞ്ചെണ്ണം പ്രശ്‌നപരിഹാരത്തോടടുത്തു നില്‍ക്കുന്നു.  പാലക്കാട് പന്നിയങ്കര പന്തലപ്പാടം മേരിമാതാ സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സി.വി. ലാലിയുടെ നിയമനം സംബന്ധിച്ച പ്രശ്‌നം കമ്മീഷന്റെ ഇടപെടലിലൂടെ പരിഹരിച്ചു.  2010 മുതല്‍ അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളകുടിശ്ശിക അനുവദിച്ചതായും നിയമനം ശരിവച്ചതായും പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. മകന്റെ ഉപദ്രവത്തില്‍ നിന്നും രക്ഷതേടി മാതാവായ തൃക്കാട്ടൂര്‍ സ്വദേശി നവ്വാബി സമര്‍പ്പിച്ച പരാതിയിന്‍മേല്‍ മകന്‍ നാസറുമായി സംസാരിച്ച് കമ്മീഷന്‍ രമ്യതയിലെത്തിച്ചു.  മകന്റെ പേരില്‍ ഗുണ്ടാനിയമം ചുമത്തണമെന്നായിരുന്നു ഉമ്മയുടെ പരാതി.  പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ത്ത് ഉമ്മ മകനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് പിരിഞ്ഞത്.

തൃശൂര്‍ ഒല്ലൂക്കര വില്ലേജില്‍ 110 വര്‍ഷമായി ഉപയോഗിച്ച് വന്നതും പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം ജില്ലാ കലക്ടര്‍ ശവമടക്ക് തടഞ്ഞതുമായ ശ്മശാനത്തില്‍ ശവമടക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ സി.ഒ. ഡേവിസ് സമര്‍പ്പിച്ച പരാതിയില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം കോണ്‍ക്രീറ്റ് വോള്‍ട്ട് നിര്‍മ്മിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം കമ്മീഷന്‍ ശരിവച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എ.എസ്.പി. യ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കോളജില്‍ താടി വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് നാട്ടിക എന്‍.ഇ.എസ്. കോളജിനെതിരേ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പരാതിക്കാരനെ കോളജില്‍ നിന്നും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ തെളിവെടുപ്പിനായി കേസ് മാറ്റിവച്ചു. പ്രിന്‍സിപ്പല്‍, മാനേജര്‍, ക്ലാസ് അധ്യാപിക എന്നിവരാണ് തെളിവെടുപ്പില്‍ ഹാജരായത്. ന്യൂനപക്ഷ ചെയര്‍മാന്‍ എം വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. വി വി ജോഷി, കെ പി മറിയുമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.  അടുത്ത സിറ്റിംഗ് നവംബര്‍ 12 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it