ഹാട്രിക് വിജയത്തിന്റെ മികവില്‍ പി തിലോത്തമന്‍

പി വി വേണുഗോപാല്‍

ആലപ്പുഴ: മന്ത്രിസഭയില്‍ പുതുമുഖമാണെങ്കിലും നാലുപതിറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തന പരിചയമുണ്ട് 58കാരനായ പി തിലോത്തമന്. ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര വട്ടത്തറയില്‍ പരേതരായ പരമേശ്വരന്റെയും ഗൗരിയുടെയും മകനായ തിലോത്തമന്‍ ചേര്‍ത്തല തെക്ക് ഗവ. ഹൈസ്‌കൂള്‍, അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി സ്‌കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്, ചേര്‍ത്തല എസ്എന്‍ കോളജ് എന്നിവിടങ്ങളിലെ പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്.
1977ലാണ് ഈ ധനതത്വശാസ്ത്ര ബിരുദധാരി സിപിഐയില്‍ അംഗമായത്. എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള തിലോത്തമന്‍ 2012 മുതല്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 2006ല്‍ കന്നിയങ്കത്തില്‍ കോണ്‍ഗ്രസ്സിലെ സി കെ ഷാജിമോഹനെ തോല്‍പ്പിച്ച് തിലോത്തമന്‍ ചേര്‍ത്തലയുടെ പ്രതിനിധിയായി. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ ഗൗരിയമ്മയെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ തിലോത്തമന്‍ അടിയറവു പറയിച്ചു. ഇക്കുറി അഡ്വ. എസ് ശരത്തിനെതിരേ 7196 വോട്ടുകളുടെ ഭൂരിപക്ഷം നേടി ഹാട്രിക് തികച്ചു.
57ല്‍ ഗൗരിയമ്മ മന്ത്രിസഭയിലെത്തിയ—ശേഷം 2001 വരെ ചേര്‍ത്തലയുടെ പ്രതിനിധിക്ക് മന്ത്രിസ്ഥാനം അന്യമായിരുന്നു. 2001ല്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച എ കെ ആന്റണി മുഖ്യമന്ത്രിയായെങ്കിലും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ചു. പിന്നീട് ഇപ്പോഴാണ് ഒരു മന്ത്രിപദവി ചേര്‍ത്തലയെ തേടിയെത്തുന്നത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പത്‌നി ഉഷ, മക്കളായ അമൃത, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം കുറുപ്പന്‍കുളങ്ങരയിലെ 'ഉഷസില്‍ നിന്ന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കുള്ള മാറ്റത്തിനുള്ള ഒരുക്കത്തിലാണ് തിലോത്തമന്‍.
Next Story

RELATED STORIES

Share it