azchavattam

ഹാംലെറ്റൊരുവിധമിതു ഞാന്‍ ഭാഷയാക്കി കുറിച്ചേന്‍

ഹാംലെറ്റൊരുവിധമിതു ഞാന്‍ ഭാഷയാക്കി കുറിച്ചേന്‍
X
Hamlet_Mal_Kunjikkuttan_Thampuran001

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത് തൃശ്ശിവപേരൂര്‍ വിദ്യാവിനോദിനി അച്ചുകൂടം പ്രസിദ്ധം ചെയ്ത 'ഹാംലെറ്റ്' നാടകത്തിന് അദ്ദേഹം എഴുതിയ മുഖവുരയാണ് താഴെ. വിവര്‍ത്തനത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമുള്ള നിരവധി പരിഗണനകള്‍ ഈ ചെറു കുറുപ്പില്‍ നമുക്ക് കണ്ടെത്താം.
'സംസ്‌കൃതത്തില്‍ നിന്നു മലയാളഭാഷയിലേക്ക് ഇയ്യെടയില്‍ അനവധി വിശേഷഗ്രന്ഥങ്ങള്‍ ഓരോ മഹാന്‍മാര്‍ തര്‍ജമ ചെയ്തിട്ടുള്ളതിനാല്‍ സംസ്‌കൃതഭാഷാ പരിജ്ഞാനമില്ലാത്ത മലയാളികള്‍ക്ക് അവയില്‍ അടങ്ങിയ സാരാംശങ്ങളെയും വിശേഷഗുണങ്ങളെയും സംസ്‌കൃതകവിതാ സമ്പ്രദായത്തെയും മറ്റും അറിവാന്‍ എട വന്നിട്ടുണ്ടല്ലോ. എന്നാല്‍, ഇംഗ്ലീഷ്ഭാഷയില്‍ നിന്നു മലയാളത്തിലേക്കു തര്‍ജമ ചെയ്തുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ വളരെ അപൂര്‍വമാകയാല്‍ ആ ഭാഷയിലുള്ള കാവ്യനാടകങ്ങളുടെ ഗുണവും സമ്പ്രദായവും ആ ഭാഷ നിശ്ചയമില്ലാത്തവര്‍ക്കു നല്ലവണ്ണം അറിവാന്‍ എടയുണ്ടാവുന്നില്ല. ംരം ഒരു ന്യൂനത ഞങ്ങളാല്‍ കഴിയുന്നെടത്തോളമെങ്കിലും തീര്‍ക്കണമെന്നുള്ള മോഹത്താലാണ് വയ്യെങ്കിലും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ പരിഭാഷപ്പെടുത്തിയ ംരം*(ഈ) നാടകം ഇംക്ലീഷ് കാളിദാസനായ ഷേക്‌സ്പിയറുടെ വിശേഷമായ ഒരു കൃതിയാണ്. അദ്ദേഹത്തിന്റെ അനേക കൃതികളില്‍ ംരം നാടകം തന്നെ തര്‍ജമ ചെയ്യണമെന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയതിനു പലേ കാരണങ്ങളും ഉണ്ട്. ഒന്നാമത് ഇതില്‍ അനവധി സാരാംശങ്ങളും സദാചാരവാക്കുകളും അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല ഇംക്ലീഷ് നിശ്ചയമുള്ളവര്‍ ഇത് ആ മഹാകവിയുടെ ഒന്നാംകിട നാടകമായി ഗണിച്ചിട്ടും ഉണ്ട്. രണ്ടാമത് ഇംക്ലീഷ് നാടകങ്ങളുടെ രീതി അത് നിശ്ചയമില്ലാത്തവര്‍ക്ക് ഇതുകൊണ്ട് നല്ലവണ്ണം അറിയാവുന്നതാണ്. സംസ്‌കൃതനാടകങ്ങള്‍ സാധാരണയായി സുഖപര്യവസായികളാകയാല്‍ ദുഃഖപര്യവസായികളായ നാടകങ്ങളുടെ മാതിരിയും ഇതില്‍ നിന്ന് അറിയാവുന്നതാണ്. താണതരം നാടകങ്ങളെടുത്തു തര്‍ജമ ചെയ്തു വഷളാവുന്നതില്‍ ഭേദം കഠിനമായ നാടകത്തില്‍ പ്രയത്‌നം ചെയ്തിട്ടാണല്ലോ, നല്ലത്   എന്നുള്ള വിചാരവും ഞങ്ങളെ ബാധിച്ചില്ലെന്നില്ല. ംരം വക സംഗതികളാണ് ഞങ്ങളെ മുഖ്യമായി ധൈര്യപ്പെടുത്തിയത്. ഒരു ഭാഷയില്‍ നിന്നു മറ്റൊരു ഭാഷയിലേക്കു ഒരു പുസ്തകം തര്‍ജമ ചെയ്താല്‍ മൂലത്തിന്റെ ഭംഗിയും രസവും പുഷ്ടിയോടുകൂടി തര്‍ജമയില്‍ വരുത്തിക്കൊള്‍വാന്‍ വളരെ പ്രയാസമാണെന്ന് തര്‍ജമയില്‍ പരിശ്രമിക്കുന്ന ഏവനും അറിയാവുന്നതാണല്ലോ. അങ്ങനെയുള്ള ന്യൂനതകള്‍ ഇതിലും ഉണ്ടാവാം. എങ്കിലും നാട്ടിലേക്കു ഗുണം വരേണമെന്നുള്ള ഞങ്ങളുടെ അതിയായ മോഹം കൊണ്ടാണ് ഇതിനാരംഭിച്ചത് എന്നുള്ളത് ഓര്‍ത്ത് ആ വക ന്യൂനതകളെ  ക്ഷമിപ്പാന്‍ ഞങ്ങള്‍ സവിനയം അപേക്ഷിക്കുന്നു.
ംരം നാടകത്തിലെ പാത്രങ്ങള്‍ക്കു മൂലഗ്രന്ഥത്തിലെ പേരുകള്‍ തന്നെ ആണ് ഞങ്ങളും വച്ചിരിക്കുന്നത്. ഇതിനെപ്പറ്റി വായനക്കാരുടെ ഇടയില്‍ രണ്ടുപക്ഷം ഉണ്ടാവും; എന്നാല്‍ പേരു മാറ്റിയാല്‍ സ്‌തോഭം മുഴുവന്‍ പുറപ്പെടുവിക്കുവാന്‍ സാധിക്കയില്ലെന്നുള്ള ഭയംകൊണ്ടും    ശാകുന്തളം മുതലായ സംസ്‌കൃതനാടകങ്ങള്‍ ഇംക്ലീഷിലേക്കു തര്‍ജമ ചെയ്തതില്‍ മൂലത്തിലെ പേരുതന്നെ വച്ചിരിക്കുന്നത് അധികം യോജ്യമായി കണ്ടതുകൊണ്ടും ഞങ്ങളും അപ്രകാരം ചെയ്തതാണ്.
ഞങ്ങളുടെ ംരം ശ്രമത്തില്‍, പലവിധേനയും സഹായം ചെയ്ത ഞങ്ങടെ സുഹൃത്തുക്കള്‍ക്കു ഞങ്ങള്‍ സന്തോഷപൂര്‍വം നന്ദി പറയുന്നു.
ഏരാമച്ചന്‍നെടുങ്ങാടിയെ വലിയ സഹാ-
യത്തിനായ്‌വെച്ചമാന്തം
ചേരാതെ വേലചെയ്തിട്ടു പചിതകുതുകം
രണ്ടുമാസത്തിനുള്ളില്‍
സാരാര്‍ഥംകൊണ്ടുഹാംലെറ്റൊരു
വിധമിതുഞാന്‍
ഭാഷയാക്കികുറിച്ചേന്‍
നേരായഗ്രന്ഥാവകാശക്രമനിലയിതില്‍ഞ
ങ്ങള്‍ക്കുരണ്ടാള്‍ക്കുമൊപ്പം.'

ഷേക്‌സ്പിയര്‍ വിവര്‍ത്തനങ്ങള്‍
ഷേക്‌സ്പിയറുടെ പല കൃതികളും മലയാളത്തില്‍ വിവര്‍ത്തനങ്ങളായും ആശയാനുവാദങ്ങളായും രൂപാന്തരങ്ങളായും പ്രചരിച്ചിട്ടുണ്ട്. 'ഠവല ഇീാലറ്യ ീള ഋൃൃീൃ'െ എന്ന പ്രശസ്തമെന്നു പറയാവുന്ന ശുഭാന്ത നാടകത്തിന്റെ വിവര്‍ത്തനമായ 'ആള്‍മാറാട്ടം' 1866ല്‍  പ്രകാശിതമായി. കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസായിരുന്നു വിവര്‍ത്തകന്‍. വളരെ ശ്രദ്ധേയമായ ഒരു ശ്രമമായിരുന്നു ആ വിവര്‍ത്തനം. ഭാഷയിലും ശൈലിയിലും മറ്റും ഒട്ടേറെ മാറ്റങ്ങള്‍ ഈ കാലയളവില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും വായിച്ചു രസിക്കാന്‍ കഴിയുന്ന ഒരു കൃതിയാണിതെന്നു പറയാം. പിന്നീട്, പ്രഗല്‍ഭന്‍മാരായ പലരും ആധുനിക നാടകത്തിന്റെ വളര്‍ച്ചയെ സഹായിക്കുമാറ് അനേകം ഷേക്‌സ്പിയര്‍ കൃതികള്‍ മലയാളത്തിലാക്കി. എ ഗോവിന്ദപ്പിള്ള, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മുതല്‍ എം ആര്‍ നായര്‍, കുട്ടനാട്ടു രാമകൃഷ്ണപിള്ള, കൈനിക്കര കുമാരപിള്ള, വിഎന്‍പി തുടങ്ങിയവര്‍ വരെ അവരവര്‍ക്ക് ഇഷ്ടപ്പെട്ട നാടകങ്ങള്‍ക്കു മലയാള രൂപം നല്‍കി. പലതും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്; ചിലത് പുസ്തകരൂപത്തില്‍ പ്രചരിച്ചതേ ഉള്ളൂ. (അയ്യപ്പപണിക്കര്‍ എഴുതിയ കുറിപ്പില്‍ നിന്ന്)  [related]
Next Story

RELATED STORIES

Share it