Alappuzha local

ഹര്‍ത്താല്‍ നിയന്ത്രണ നിയമം കൊണ്ടുവരും: മന്ത്രി

ആലപ്പുഴ: കേരളത്തിലെ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമം ഈ നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ആളില്ലാത്ത കൊച്ചു പാര്‍ട്ടികള്‍ വരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അക്രമങ്ങള്‍ക്ക് മുതിരുകയും ചെയ്യുന്നത് ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. കേരള പോലിസിന്റെ ക്ലീന്‍ കാംപസ് സേഫ് കാംപസ് പദ്ധതിയുടെ തുടര്‍ച്ചയായി ജില്ലാ പോലിസ് സംഘടിപ്പിച്ച 'ഉണര്‍വ്' ലഹരിവിരുദ്ധ കാംപയിനോടനുബന്ധിച്ചുള്ള റോഡ് ഷോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ശക്തമായ കാംപയിനാണ് പോലിസ് ഏറ്റെടുത്തിട്ടുള്ളത്. ലഹരി പദാര്‍ഥങ്ങള്‍ നല്‍കി കുട്ടികളെ വഴിതെറ്റിക്കുന്ന അന്താരാഷ്ട്ര ലോബിയെ തകര്‍ക്കാനുള്ള പോലിസിന്റെ ശ്രമത്തിന് എല്ലാവരും പിന്തുണ നല്‍കണം.
പദ്ധതിയുടെ തുടക്കം മുതല്‍ 44,228 റെയ്ഡ്, 13813 അറസ്റ്റ്, 12126 കേസുകള്‍ എന്നിവ എടുത്തിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് കേരള പോലിസ് മുന്നോട്ടുപോവുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേന്ദ്ര നാര്‍ക്കോട്ടിക് നിയമത്തില്‍ ഭേദഗതി വേണമെന്ന് താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ വന്‍കിട ഹോട്ടലുകളിലെ പാര്‍ട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയും സര്‍ക്കാര്‍ നടപടി എടുത്തുവരുന്നതായി മന്ത്രി പറഞ്ഞു.
ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ ഉണര്‍വ് സിനിമാ സി.ഡി പ്രകാശനം സിനിമാ സംവിധായകന്‍ മേജര്‍ രവി നിര്‍വഹിച്ചു. ഉണര്‍വ് ഗാലറി പ്രകാശനം റൊട്ടേറിയന്‍ സി.ലൂക്ക് നിര്‍വഹിച്ചു.
ജില്ലാ പോലിസ് മേധാവി വി.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. ജോണ്‍ ഡാനിയല്‍, ഗോപകുമാര്‍ ലോജിക്, ചലച്ചിത്രതാരം ആലപ്പി അഷറഫ്, ഡിവൈഎസ് പി കെ ലാല്‍ജി, നഗരസഭാംഗം ശ്രീജിത്ര, ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ്, സെക്രട്ടറി ജി ഹരികൃഷ്ണന്‍, ബി.റഫീഖ്, എസ് ഷിബു എന്നിവര്‍ പ്രസംഗിച്ചു.
ഉണര്‍വ്വ് സമ്മേളനത്തിന് മുന്നോടിയായി എസ്ഡിവി സ്‌കൂളില്‍ നിന്ന് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ അമ്പതിനായിരത്തോളം കുട്ടികള്‍ പങ്കെടുത്തു.
റാലിയില്‍ ലഹരി വിരുദ്ധ പ്ലാക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ അണിനിരന്നത്. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.
ലഹരി വിരുദ്ധ പെയിന്റിങ് മല്‍സര വിജയികളുടെ സൃഷ്ടികളുടെ പ്രദര്‍ശനവും സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു. ചടങ്ങിന്റെ ഭാഗമായി ലഹരി വിരുദ്ധ മാജിക് ഷോ, മിമിക്രി എന്നിവയും അരങ്ങേറി.
Next Story

RELATED STORIES

Share it