ഹരിയാന നിയമസഭ പാസാക്കി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ജാട്ട് സംവരണ ബില്ല് ഹരിയാന നിയമസഭ പാസാക്കി. ഹരിയാന ബാക്‌വേഡ് ക്ലാസസ് (റിസര്‍വേഷന്‍ ഇന്‍ സര്‍വീസസ് ആന്റ് അഡ്മിഷന്‍ ഇ ന്‍ എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്ല് നിയമമാവുക വഴി ജാട്ടുകളെ കൂടാതെ സിഖ് ജാട്ട്, ത്യാഗി, റോര്‍, ബിഷ്‌ണോയിസ് എന്നീ സാമൂഹിക വിഭാഗങ്ങള്‍ കൂടി സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണത്തിന് അര്‍ഹരാവും.കഴിഞ്ഞ മാസം ദിവസങ്ങളോളം സംസ്ഥാനത്തെ പിടിച്ചുലച്ച അക്രമാസക്തമായ ജാട്ട് സംവരണ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഇതു സംബന്ധമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ സമുദായ നേതാക്കള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ നിയമസഭ ബില്ല് പാസാക്കിയിരിക്കുന്നത്. ബജറ്റ് സമ്മേളനം നാളെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.തങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഈ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് നിറവേറ്റിയില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ജാട്ട് നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായം-സി വിഭാഗത്തിലാണ് ജാട്ടുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സംവരണവുമായി ബന്ധപ്പെട്ട പിന്നാക്ക സമുദായം-എ, ബി വിഭാഗങ്ങളെ കൂടാതെയാണ് ഇപ്പോള്‍ ഈ കാറ്റഗറിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it