ഹരിയാന: ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ മസൂറിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറുമെന്ന് ആശങ്ക

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിലെ മുഖ്യ പ്രതിപക്ഷകക്ഷി ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതൃത്വം പാര്‍ട്ടി എംഎല്‍എമാരെ കൂട്ടത്തോടെ ഉത്തരാഖണ്ഡിലെ മസൂറിയിലേക്കു മാറ്റി. അടുത്ത ശനിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യുമെന്ന ആശങ്കയിലാണു പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരെയും മസൂറിയിലേക്കയച്ചത്. മസൂറിയിലെ സുഖവാസ കേന്ദ്രത്തിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
നിയമസഭയില്‍ നിന്ന് രണ്ടംഗങ്ങളെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. അതില്‍ ആദ്യത്തെ സീറ്റില്‍ ഭരണകക്ഷിയായ ബിജെപി കേന്ദ്രമന്ത്രി ബിരേന്ദര്‍സിങിനെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജയം ഉറപ്പാണ്. രണ്ടാമത്തെ സീറ്റിലേക്കു മാധ്യമവ്യവസായി സുഭാഷ് ചന്ദ്രയും ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ പിന്തുണയുള്ള അഭിഭാഷകന്‍ ആര്‍ കെ ആനന്ദുമാണു മല്‍സരിക്കുന്നത്. എന്നാല്‍ ഐഎന്‍എല്‍ഡിയിലെ ചില എംഎല്‍എമാര്‍ പാര്‍ട്ടി നിലപാടിനെതിരാണെന്നാണു നേതൃത്വത്തിന്റെ ആശങ്ക. ബിജെപിയുടെ പിന്തുണയോടെ മല്‍സരിക്കുന്ന ചന്ദ്ര ഐഎന്‍എല്‍ഡിയിലെ രണ്ട് എംഎല്‍എമാര്‍ തനിക്കു വോട്ടുചെയ്യുമെന്ന് അവകാശപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ പാര്‍ട്ടി മസൂറിയിലേക്കയച്ചത്. 90 അംഗ നിയമസഭയില്‍ ഐഎന്‍എല്‍ഡിക്ക് 19 എംഎല്‍എമാരുണ്ട്. പാര്‍ട്ടിയിലെ പര്‍മിന്ദര്‍സിങ് ദുള്‍, ജസ്‌വിന്ദര്‍ സിങ് സന്ധു എന്നീ എംഎല്‍എമാര്‍ മസൂറിയിലേക്കു പോവാന്‍ തയ്യാറായിട്ടില്ല.
അതേസമയം, മറ്റ് എംഎല്‍എമാര്‍ അവധി ആഘോഷിക്കാന്‍ വേണ്ടിയാണു മസൂറിയിലേക്കു പോയതെന്നാണു സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അശോക് അറോറ പറഞ്ഞത്. എംഎല്‍എമാര്‍ കൂറുമാറി വോട്ടുചെയ്യുമെന്ന ഭീതിയില്ലെന്നും ആര്‍ കെ ആനന്ദിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സഭയിലെ ബിഎസ്പിയുടെ ഏക അംഗം തെക് ചന്ദ് ശര്‍മ സുഭാഷ് ചന്ദ്രയ്ക്കു വോട്ടുചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ച നടക്കുന്ന എഐസിസി യോഗ തീരുമാനമനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുക. ബിജെപി പിന്തുണയ്ക്കുന്ന സുഭാഷ് ചന്ദ്രയും ഐഎന്‍എല്‍ഡി പിന്തുണ നല്‍കുന്ന ആര്‍ കെ ആനന്ദും മല്‍സരിക്കുന്നത് കോണ്‍ഗ്രസ്സിനെ വിഷമത്തിലാക്കി. കോണ്‍ഗ്രസ് ആര്‍ കെ ആനന്ദിന് വോട്ട് ചെയ്താല്‍ അത് ഐഎന്‍എല്‍ഡിയെ പിന്തുണയ്ക്കുന്നതിനു തുല്യമാവും. തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നാല്‍ അത് ബിജെപി പിന്തുണ നല്‍കുന്ന ചന്ദ്രയുടെ വിജയത്തിനിടയാക്കുകയും ചെയ്യും. സംസ്ഥാനത്തിനും പാര്‍ട്ടിക്കും ഗുണകരമാവുന്ന വിധത്തിലായിരിക്കും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുകയെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം നടപ്പാക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.
Next Story

RELATED STORIES

Share it