ഹരിയാനയിലെ ജാട്ട് പ്രക്ഷോഭം: ജാട്ട് പോലിസുകാരും പങ്കെടുത്തെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഫെബ്രുവരിയില്‍ നടന്ന ജാട്ട് സംവരണ പ്രക്ഷോഭത്തിന് ജാട്ട് സമുദായത്തില്‍പെട്ട പോലിസുകാര്‍ പ്രത്യക്ഷ പിന്തുണ നല്‍കിയെന്നു വെളിപ്പെടുത്ത ല്‍. ഇതുസംബന്ധമായി അന്വേഷണം നടത്തുന്ന സംസ്ഥാനസ ര്‍ക്കാര്‍ നിയോഗിച്ച വസ്തുതാന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണു പ്രക്ഷോഭത്തിലെ ഹരിയാന പോലിസിന്റെ പങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
തങ്ങള്‍ക്കു ലഭിച്ച ഉത്തരവുകള്‍ ലംഘിച്ച് പ്രക്ഷോഭകര്‍ക്ക് അനുകൂലമാവുന്ന നിലയില്‍ നൂറിലേറെ ഹരിയാന പോലിസുകാര്‍ പ്രവര്‍ത്തിച്ചു. പ്രക്ഷോഭകര്‍ പോലിസ് പോസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ ഈ പോലിസുകാര്‍ സ്വന്തം പോസ്റ്റുകള്‍ ഉപേക്ഷിക്കുകയും പ്രക്ഷോഭകര്‍ക്കൊപ്പം കൂടുകയും ചെയ്‌തെന്നാണ് റിപോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പ്രക്ഷോഭം രൂക്ഷമായിരുന്ന ജജ്ജാര്‍, റോഹ്തക് ജില്ലകളിലാണു കൂടുതല്‍ പോലിസുകാര്‍ നിയമലംഘനം നടത്തിയത്. പ്രക്ഷോഭത്തിന്റെ മൂര്‍ധന്യതയില്‍ ഓരോ ജില്ലയിലും 60-70 പോലിസുകാരെങ്കിലും ഇവര്‍ ജോലിയില്‍ ഉണ്ടായിരുന്ന പോലിസ് പോസ്റ്റുകള്‍ ഉപക്ഷിക്കുകയുണ്ടായെന്നും അന്വേഷണ സം ഘം കണ്ടെത്തി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും പത്മശ്രീ ജേതാവുമായ പ്രകാശ് സിങാണ് അന്വേഷണസംഘത്തെ നയിക്കുന്നത്. അഡീഷനല്‍ ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍, കഴിഞ്ഞയാഴ്ച ഹരിയാന ഡിജിപിയായി ചുമതലയേറ്റെടുത്ത കെപി സിങ് എന്നിവരാണ് മറ്റംഗങ്ങള്‍.
കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ പോലിസുകാരുടെ പേരുവിവരങ്ങളും പദവി, നിയമിക്കപ്പെട്ട സ്ഥലം, പോസ്റ്റില്‍ നിന്ന് അപ്രത്യക്ഷമായ ദിവസങ്ങള്‍ എന്നിവ അന്വേഷണസംഘം തയ്യാറാക്കിവരികയാണെന്നാണ് റിപോര്‍ട്ട്.പ്രക്ഷോഭം നേരിടുന്നതില്‍ ഹരിയാന പോലിസ് പരാജയപ്പെട്ടെന്നു നേരത്തെ ആരോപണമുണ്ടായിരുന്നു. സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവയെ സംസ്ഥാനത്തേക്ക് ആവശ്യപ്പെടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിപ്പിച്ചതും സംസ്ഥാന പോലിസിന്റെ ഇത്തരം വീഴ്ചകൂടിയായിരുന്നു.
കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ കുറ്റക്കാരെന്നു തെളിയുന്ന പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ വസ്തുതാന്വേഷണസംഘം സര്‍ക്കാരിനോട് ശുപാര്‍ശചെയ്യുമെന്നാണു കരുതുന്നത്. ഫെബ്രുവരി 26ന് ആരംഭിച്ച അന്വേഷണത്തില്‍ മൂവായിരത്തിലേറെ സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it