Alappuzha local

ഹരിപ്പാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍

ഹരിപ്പാട്: ധനമന്ത്രിയും ആരോഗ്യ മന്ത്രിയും എതിര്‍ നിലപാട് പരസ്യപ്പെടുത്തിയതോടെ ഹരിപ്പാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തിലായി. ഇതിനുവേണ്ടി മുന്‍ സര്‍ക്കാര്‍ നബാര്‍ഡില്‍ നിന്നെടുത്ത വായ്പ പുതിയ സര്‍ക്കാറിനു ബാധ്യതയാണെന്നും നിലവിലുള്ള നെല്‍ വയല്‍ സംരക്ഷണനിയമത്തിനെതിരായ നടപടികളാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് ഇന്നലെ അഭിപ്രായപ്പെട്ടത്.
ആരോഗ്യമന്ത്രി ഷൈലജ ടീച്ചറാകട്ടെ റിയല്‍ എസ്റ്റേറ്റു മാഫിയയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ് എന്ന ചെന്നിത്തലയുടെ സ്വപ്‌ന പദ്ധതി അനിശ്ചിതത്വത്തിലായത്. എന്നാല്‍ പൊതു-സ്വകാര്യമേഖലയിലാണ് മെഡിക്കല്‍ കോളജ് നിര്‍മിക്കുകയെന്നും 70% സ്വകാര്യ വ്യക്തികളുടെ ഓഹരിയും 30% സര്‍ക്കാര്‍ ഓഹരിയുമെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
സ്വകാര്യ മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ സൗകര്യം ഉപയോഗിയ്ക്കുന്നെന്ന പരാതിയും ഇതിന്റെ മറവില്‍ അനധികൃത നിലംനികത്തല്‍ നടക്കുമെന്നും ഇടതുപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോല്‍ മന്ത്രിമാരുടെ പ്രതികരണം. 2015 മേയ് 12ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് ആരോഗ്യ മന്ത്രി ശിവകുമാറിന്റെ സാന്നിധ്യത്തില്‍ ഈ മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ പാതി വഴിയലാണ്.
കരുവാറ്റ പവര്‍ഹൗസ്ലിന് തെക്കുവശത്തുള്ള ഈ പ്രദേശം കൃഷിയ്ക്ക് അനുയോജ്യമല്ലെന്നും വര്‍ഷങ്ങളായി ഈ പ്രദേശം കാടുപിടിച്ചു കിടക്കുകയാണെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അപ്പര്‍കുട്ടനാടന്‍ മേഖലയ്ക്കും അപ്പര്‍ കുട്ടനാടന്‍ മേഖല ഉള്‍ക്കൊള്ളുന്ന മലയോര മേഖലയ്ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തീരുമാനം വിലങ്ങുതടിയായിരിക്കുന്നതെന്നും കൊപ്പാറക്കടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ സമീപമണ്ഡലങ്ങള്‍ക്ക് പ്രയോജനം ലഭിയ്ക്കുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it