Middlepiece

ഹരാംബെയുടെ വധവും സംസ്‌കാരശോഷണവും

അസീം ശ്രീവാസ്തവ

''ഒരു വൃദ്ധനും കരയാന്‍ കഴിയും. കാരണം, അവന്‍ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ഹരാംബെയുടെ നഷ്ടം കുടുംബത്തിലെ ഒരംഗത്തിന്റെ നഷ്ടമായാണു ഞാന്‍ കരുതുന്നത്. കുഞ്ഞായിരിക്കുന്ന കാലം മുതലേ അവനെ പോറ്റിവളര്‍ത്തിയതു ഞാനാണ്. വളരെ ബുദ്ധിമാനായിരുന്നു ഹരാംബെ.'' 74കാരനായ ടെക്‌സസിലെ മൃഗപരിശീലകന്‍ ജെറി സ്റ്റോണ്‍സ് 17 വയസ്സില്‍ കൊല്ലപ്പെട്ട ഹരാംബെ എന്ന ഗോറില്ലയെ ജനനം മുതലേ അടുത്തറിഞ്ഞയാളാണ്.
ദശകങ്ങള്‍ക്കു മുമ്പ് നരവംശശാസ്ത്രജ്ഞനായ ഗ്രിഗറി ബേറ്റ്‌സണ്‍ തന്റെ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ച ഒരു സത്യമുണ്ട്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് അതിനെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ഒന്നല്ല. ആ സമൂഹവും അതിന്റെ അനുബന്ധമായ പരിസ്ഥിതിയും ഒന്നിച്ചു മാത്രമേ നിലനില്‍ക്കുകയുള്ളൂ.
മറ്റു ജീവികളെ ഭീഷണിപ്പെടുത്തുന്ന ഒരു ജീവി വിഭാഗം ആത്യന്തികമായി സ്വയം തന്നെ ആപത്തിലകപ്പെടുത്തുകയാണ്. പരിസ്ഥിതിയുടെ ആദ്യ പാഠമാണ് ജീവിവിഭാഗങ്ങളുടെ ഈ പാരസ്പര്യം സംബന്ധിച്ച തത്ത്വം. ഇതു വെറും അനുഭവജ്ഞാനത്തിന്റെ കൂടി ഭാഗമാണ്. പക്ഷേ, സമകാലസമൂഹത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വസ്തുതയും.
ഇതിന്റെ മറുവശവും സത്യമാണ്. സ്വയം ആപത്തിലാണെന്നു കരുതുന്ന ഒരു ജീവിവിഭാഗം മറ്റു ജീവിവിഭാഗങ്ങള്‍ക്കും ആപത്ത് ക്ഷണിച്ചുവരുത്തും. ഒരുപക്ഷേ, പാരിസ്ഥിതിക ശാസ്ത്രത്തേക്കാള്‍ മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പാഠമാണെന്നു കരുതേണ്ടതാണ്. മനുഷ്യര്‍ ഭീഷണി നേരിടുകയോ അങ്ങനെ നേരിടുന്നതായി വിശ്വസിക്കുകയോ ചെയ്യുന്ന വേളയില്‍ അക്രമാസക്തമായി പെരുമാറും. അമേരിക്ക പോലുള്ള ഭയത്തില്‍ അധിഷ്ഠിതമായ സംസ്‌കാരമുള്ള പ്രദേശങ്ങളില്‍ ഇതു നിത്യാനുഭവമാണ്. സുരക്ഷയുടെ പേരില്‍ തോക്കുകള്‍ സുലഭമായി വില്‍ക്കപ്പെടുന്ന രാജ്യമാണത്. ഈ ഭയം എന്ന മാനസികാവസ്ഥയെയാണ് ഡൊണാള്‍ഡ് ട്രംപിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ചൂഷണം ചെയ്യുന്നത്. അമേരിക്കയില്‍ ഇന്ന് 30 കോടി തോക്കുകളുണ്ട് ജനങ്ങള്‍ക്കിടയില്‍. എന്നുവച്ചാല്‍ ഓരോ ആള്‍ക്കും ഒന്നിലേറെ തോക്കുകള്‍. ഇങ്ങനെ സായുധരായി ജനം കറങ്ങിനടക്കുന്ന ഒരു രാജ്യത്ത് നിരന്തരമായ ആക്രമണങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായിത്തീരും. ഇതേ ആക്രമണസ്വഭാവത്തിന്റെ ഇരകളാണ് അവിടെ പാവം മൃഗങ്ങളും.
ഇതാണ് ഹരാംബെ എന്ന വെള്ളിക്കഴുത്തുള്ള ഗോറില്ലയുടെ ദാരുണമരണത്തിന്റെ പശ്ചാത്തലം. സിന്‍സിനാറ്റിയിലെ മൃഗശാലയില്‍ ഹരാംബെയുടെ അടുത്തേക്ക് ഒരു നാലുവയസ്സുകാരന്‍ കുഞ്ഞ് എങ്ങനെയോ വീണു. വെള്ളത്തില്‍ വീണ കുഞ്ഞിനെ എങ്ങനെ രക്ഷിക്കും എന്ന് ഒരു നിമിഷം ആലോചിച്ചശേഷം തീരുമാനിക്കേണ്ട കാര്യമായിരുന്നു. എന്നാല്‍, ഭയം ഗ്രസിച്ച അമേരിക്കന്‍ സംസ്‌കൃതിക്ക് അതിനു സാധ്യമല്ല. തോമസ് ജെഫേഴ്‌സന്റെ കാലം മുതല്‍ സ്വയരക്ഷയ്ക്ക് മറ്റുള്ളയാളുകളെ വെടിവച്ചുവീഴ്ത്തുന്നതു ശീലമാക്കിയ സമൂഹമാണത്. അതാണ് ഹരാംെബയുടെ വധത്തിലും കലാശിച്ചത്. എന്നാല്‍, ഒരുനിമിഷം ചിന്തിക്കാനും തോക്കിന്റെ കാഞ്ചി വലിക്കുന്നത് അല്‍പനേരം മാറ്റിവയ്ക്കാനും കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാന്‍ ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് കണ്ടെത്താനാവുമായിരുന്നു. മൃഗത്തെ തളയ്ക്കാന്‍ കൊല്ലണമെന്നില്ല; മയക്കുവെടി ധാരാളം. എന്നാല്‍, നിറതോക്ക് കൈയിലുണ്ട്. അതിന്റെ ഉപയോഗം ശീലമാണ്. അതാണ് സിന്‍സിനാറ്റിയിലും കണ്ടത്.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളില്‍നിന്നു വ്യക്തമാവുന്നത് വെള്ളത്തില്‍ വീണ കുഞ്ഞിനെ ഗോറില്ല ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്ന നിലയിലായിരുന്നില്ല എന്നാണ്. കുട്ടിയെ സംരക്ഷിക്കുന്ന മട്ടിലാണ് ഗോറില്ല യഥാര്‍ഥത്തില്‍ പെരുമാറിയത്. മാത്രമല്ല, എങ്ങനെ കുട്ടി വെള്ളത്തില്‍ വീണു എന്ന ചോദ്യമൊന്നും ആരും ചോദിക്കുകയുമുണ്ടായില്ല. അങ്ങനെയുള്ള സുരക്ഷാതകരാറുകള്‍ക്ക് അധികൃതര്‍ തന്നെയല്ലേ ഉത്തരവാദികള്‍?
രണ്ടാമത്, ഹരാംബെ എങ്ങനെയാണ് മൃഗശാലയില്‍ തളച്ചിടപ്പെട്ടത് എന്ന ചോദ്യവും ഉന്നയിക്കപ്പെടേണ്ടതു തന്നെ. മൃഗശാലകള്‍ തന്നെ എങ്ങനെയാണ് ഉയര്‍ന്നുവന്നത്? 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് മൃഗശാലകളുടെ ഉദയം. രാജഭരണത്തിന്റെയും കൊളോണിയല്‍ ഭരണാധികാരികളുടെയും പ്രതാപത്തിന്റെയും ശക്തിയുടെയും നിദര്‍ശനമായിരുന്നു അവ. പാരിസിലെ പ്രശസ്തമായ മൃഗശാല 1793ലാണ് ആരംഭിച്ചത്; ഫ്രഞ്ച് വിപ്ലവത്തിന്റെ തൊട്ടുപിന്നാലെ, ലണ്ടന്‍ മൃഗശാലയുടെ ഉദയം 1828ലാണ്. ബര്‍ലിനിലേത് 1844ലും. യൂറോപ്പിലെ വനങ്ങളില്‍നിന്നു വന്യമൃഗങ്ങളെ തുടച്ചുനീക്കിയ കാലമാണത്. കോളനികളിലെ വനങ്ങളിലെ വന്യജീവികളെ ഇല്ലായ്മ ചെയ്യാന്‍ ആരംഭിച്ച കാലവുമാണത്. വനങ്ങളിലെ വന്യജീവികളുടെ വംശനാശഭീഷണിയുടെ കാലത്താണ് അവയെ മൃഗശാലകളില്‍ പോറ്റിവളര്‍ത്തുന്ന പരിപാടി യൂറോപ്യന്‍ സമൂഹങ്ങള്‍ ആരംഭിച്ചത്.
മ്യൂസിയങ്ങളുടെ ഉദയത്തിന്റെ കഥയും അപ്രകാരം തന്നെ. ജൈവികമായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ജീവിതരീതികളും ആകാശത്തിനു കീഴിലെ തുറസ്സില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നിലനിന്നു. അവ ഭീഷണി നേരിടുകയും തകരാന്‍ തുടങ്ങുകയും ചെയ്ത വേളയിലാണ് അതില്‍ പലതും മ്യൂസിയങ്ങളിലേക്കു പറിച്ചുനടപ്പെട്ടത്. ഈ സംഭവങ്ങളില്‍ ഉത്തരവാദികളായത് ഹിംസാത്മകമായ കൊളോണിയല്‍ ഭരണകൂടങ്ങളാണ്. മാത്രമല്ല, അത്തരം കൊളോണിയല്‍ സംവിധാനങ്ങള്‍ അവസാനിച്ചുകഴിഞ്ഞു എന്ന് ആശ്വസിക്കുന്നതിലും അര്‍ഥമില്ല. 21ാം നൂറ്റാണ്ടില്‍ അവ വേഷപ്രച്ഛന്നമായി മറ്റു പല രൂപങ്ങളില്‍ നമ്മുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ലക്ഷണമാണ് ഇന്നു നാം നേരിടുന്ന പാരിസ്ഥിതിക ഭീഷണികളും അതിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനവും.
എന്നാല്‍, ആദിവാസി സമൂഹങ്ങളില്‍ പ്രകൃതിയുമായുള്ള ബന്ധങ്ങള്‍ വ്യത്യസ്ത തലത്തിലുള്ളതാണ്. മനുഷ്യനും മൃഗങ്ങളും പരസ്പരം ബന്ധുക്കളാണ് അവിടെ. മനുഷ്യരെപ്പോലെ മൃഗങ്ങളും ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. മനുഷ്യരും മൃഗങ്ങളും കാലങ്ങളായി ഒന്നിച്ചാണു കഴിഞ്ഞത്. മൃഗങ്ങളുടെ സംഭാവന പരിഗണിക്കാതെ മനുഷ്യസംസ്‌കാരങ്ങളുടെ വളര്‍ച്ചയുടെ കഥതന്നെ ഒരിക്കലും പൂര്‍ത്തിയാവുകയില്ല. പക്ഷികളെ പരിഗണിക്കാതെ വിമാനങ്ങളെ സങ്കല്‍പിക്കാനാവുമോ? മല്‍സ്യങ്ങളെപ്പറ്റി ചിന്തിക്കാതെ കപ്പലിനെ സങ്കല്‍പിക്കാനാവുമോ?
Next Story

RELATED STORIES

Share it