kozhikode local

ഹയര്‍ സെക്കന്‍ഡറി: 83.11 ശതമാനം വിജയം

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയില്‍ ജില്ലയില്‍ 83.11 ശതമാനം വിജയം. 177 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 35,337ല്‍ 29,367പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 990പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ 5970 പേര്‍ പരാജയപ്പെട്ടു.
അഞ്ചു സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. മാര്‍ക്കും ഗ്രേഡിങ്ങും ഉദാരമാക്കാതെ വന്നതോടെ കഴിഞ്ഞ തവണത്തെ 87.05 ശതമാനത്തില്‍ നിന്ന് നാലു ശതമാനത്തോളം കുറവാണ് വിജയശതമാനത്തിലുണ്ടായത്. അതേസമയം ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 32.65 ശതമാനം മാത്രമാണ് വിജയം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 91.46 ശതമാനവും പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന്— വിഭാഗത്തില്‍ 82.76 ശതമാനവുമാണ് വിജയം.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വലിയ കുറവുണ്ട്. എന്നാല്‍ അഞ്ചു സ്‌കൂളുകള്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നൂറുമേനിയുടെ പകിട്ട് സ്വന്തമാക്കി.
കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് (172പേര്‍), കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയം (42 പേര്‍), കുട്ടമ്പൂര്‍ എച്ച്എസ്എസ് പുന്നശ്ശേരി (29), കോഴിക്കോട് സില്‍വര്‍ ഹില്‍സ് (100), എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് (22) എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.
പരിമിതികളെല്ലാം മറികടന്നാണ് കരുണയിലെയും കൊളത്തറയിലെയും കുട്ടികള്‍ നൂറുമേനി കൊയ്തത്.
പ്ലസ് ടു പരീക്ഷയില്‍ തുടര്‍ച്ചായി 13ാം തവണയാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ നൂറുമേനി സ്വന്തമാക്കിയത്. 100 പേര്‍ പരീക്ഷയെഴുതിയതില്‍ പത്ത് പേര്‍ക്ക് മുഴുവന്‍മാര്‍ക്കും 42 പേര്‍ക്ക് ഫുള്‍ എ പ്ലസും നേടി. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 33.38 ശതമാനമാണ് വിജയം.
പരീക്ഷയെഴുതിയ 8,022ല്‍ 2678 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 15പേര്‍ക്ക് മാത്രമാണ് ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 49 പേരില്‍ 16 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാന്‍ സാധിച്ചത്. ഈ വിഭാഗത്തില്‍ ആര്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it