kasaragod local

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: 77.2 ശതമാനം വിജയം

കാസര്‍കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 77.2 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം ഇത് 80.85 ശതമാനം ആയിരുന്നു. 104 സ്‌കൂളുകളില്‍ നിന്നുമായി 13,402 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 10,347 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 10,202 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹതനേടിയത്. 351 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 13 പേര്‍ മുഴുവന്‍ മാര്‍ക്കും നേടിയപ്പോള്‍ 334 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയിരുന്നു.
പ്ലസ്ടു വിഭാഗത്തില്‍ പരവനടുക്കം ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും നൂറുശതമാനം വിജയം നേടി. പരവനടുക്കം സ്‌കൂളില്‍ നിന്നും 69ഉം ലിറ്റില്‍ ഫഌവറില്‍ നിന്നും 50ഉം കുട്ടികളാണ് പരീക്ഷയെഴുതിയത്.
ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ നൂറുമേനി നേടി. സയന്‍സ് ബാച്ചിലെ കെ വി അനുപ്രിയ, എസ് ശില്‍പ എന്നിവര്‍ 1200ല്‍ 1200 മാര്‍ക്ക് നേടി.
വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജില്ലയില്‍ 1350 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 1158 കുട്ടികള്‍ വിജയിച്ചു. പാര്‍ട്ടി ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ 959 കുട്ടികള്‍ വിജയിച്ചു. 71.04 ശതമാനമാണ് വിജയം. മുള്ളേരിയ ജിവിഎച്ച്എസ്എസ് പരീക്ഷ എഴുതിയ 53 കുട്ടികളും വിജയിച്ച് നൂറുമേനി കരസ്ഥമാക്കി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് നൂറുമേനി ലഭിക്കുന്നത്.കോമേഴ്‌സ് വിഷയത്തില്‍ മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ്, അക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിങ് എന്നീ രണ്ട് വൊക്കേഷണല്‍ വിഷയങ്ങളിലായി 25 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്‌സി ഫലത്തില്‍ നൂറ് ശതമാനം നേടിയ ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌കൂളാണ് മുള്ളേരിയ.
വിഎച്ച്എസ്ഇ വിഭാഗത്തില്‍ 50 ശതമാനത്തില്‍ കുറവ് വിജയം നേടിയ സ്‌കൂളുകള്‍-ജിവിഎച്ച്എസ്എസ് മൊഗ്രാല്‍ (45.24), ജിഎംവിഎച്ച്എസ്എസ് തളങ്കര (45.45), ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് നെല്ലിക്കുന്ന് (39.29), ജിവിഎച്ച്എസ്എസ് ദേലംപാടി (47.83).
ഓപ്പണ്‍ സ്‌കൂളില്‍ 37.25 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത് 29.9 ആയിരുന്നു. 2126 പേര്‍ പരീക്ഷ എഴുതിയതില്‍ 792 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. അതേസമയം എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഒരു വിദ്യാര്‍ഥി പോലും ഈ വിഭാഗത്തിലില്ല.
Next Story

RELATED STORIES

Share it