ഹന്ദ്വാര മാനഭംഗം: പെണ്‍കുട്ടി അനധികൃത കസ്റ്റഡിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി അനധികൃത പോലിസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകര്‍. പെണ്‍കുട്ടിയുടെ മാതാവിന്റെ ഹരജിയില്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കസ്റ്റഡിയിലാണെന്നു വെളിപ്പെട്ടത്.
ഹൈക്കോടതി അഭിഭാഷകന്‍ പര്‍വേസ് ഇംറോസ് ഉള്‍പ്പെട്ട മൂന്നംഗ സംഘമാണ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത്. കുടിക്കാഴ്ച നടന്ന സക്കാല്‍ഡാറയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെയും പിതാവിനെയും പോലിസ് കൊണ്ടുവന്നത്. ഇംറോസിനെ മാത്രമാണ് ഇവരുമായി സംസാരിക്കാന്‍ പോലിസ് അനുവദിച്ചത്. ഇവിടേക്ക് മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലിസ് കാവല്‍ നിന്നു.
പെണ്‍കുട്ടി പോലിസ് കസ്റ്റഡിയിലാണെന്നും അവളുടെ ചലനങ്ങളും പെരുമാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നുമാണ് പോലിസ് പെരുമാറ്റത്തില്‍ നിന്നു വ്യക്തമായത്. പെണ്‍കുട്ടിയും കുടുംബവും പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെന്നാണ് പോലിസ് കോടതിയില്‍ ബോധിപ്പിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ അവര്‍ ഇക്കാര്യം നിഷേധിച്ചു. നിയമപോരാട്ടം നടത്തുന്നതിന് സുരക്ഷിതമായ ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതായും അഭിഭാഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it